denkey

മലപ്പുറം: ജില്ലയിൽ വേനൽമഴയ്ക്ക് ശേഷം ഡെങ്കിപ്പനി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേസുകൾ കൂടുതലാണ്. മഴ ശക്തമാകുന്നതോടെ ഇനിയും കൂടുമെന്നാണ് ജില്ലാ ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ വർഷം ജനുവരി മുതൽ ഇതുവരെ ജില്ലയിൽ 651 ഡെങ്കിപ്പനി കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. സംശയാസ്പദമായ 607 കേസുകളും റിപ്പോർട്ട് ചെയ്തു. ഒരു മരണവുമുണ്ടായി. ചുങ്കത്തറ,ഊർങ്ങാട്ടിരി, പോത്തുകല്ല്, കാവനൂർ, അരീക്കോട്, ചാലിയാർ, തൃക്കലങ്ങോട്, ഓടക്കയം പഞ്ചായത്തുകളിലാണ് ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എലിപ്പനി, വയറിളക്ക രോഗങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്.

ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതിനുള്ള പ്രധാനമാർഗ്ഗം കൊതുകിന്റെ ഉറവിട നശീകരണമാണ്. മേയ് മാസം തദ്ദേശ സ്വയംഭരണ സ്ഥാനങ്ങളുമായി സഹകരിച്ച് ആരോഗ്യവകുപ്പ് ഊർജ്ജിത ഉറവിട നശീകരണ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്.

കരുതാം ഡെങ്കിപ്പനിയെ

ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ഡെങ്കി 3, ഡെങ്കി 4 എന്നിങ്ങനെ നാലുതരം അണുക്കളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഇതിൽ ഏതെങ്കിലും ഒരു ഇനം വൈറസ് മൂലം ഡെങ്കിപ്പനി വന്ന് ഭേദമായ വ്യക്തിക്ക് തുടർന്ന് മറ്റൊരു ഇനം ഡെങ്കി വൈറസ് മൂലം പനി ബാധിച്ചാൽ രോഗം ഗുരുതരമാകുകയും രക്തസ്രാവം ഉണ്ടാകുകയും മരണത്തിന് വരെ കാരണമാകുകയും ചെയ്യും.

ലക്ഷണങ്ങൾ

ഡെങ്കി വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ അഞ്ച് മുതൽ എട്ട് ദിവസം കൊണ്ടാണ് രോഗം പുറത്തേക്ക് വരുന്നത്. അതിതീവ്രമായ പനി (104 ഡിഗ്രി വരെ), കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, കടുത്ത ശരീരവേദന, തൊലിപ്പുറത്ത് ചുവന്ന പാടുകൾ, ഛർദ്ദിയും ഓക്കാനാവും തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ

പ്രതിരോധിക്കാം

ഡെങ്കിപ്പനി വർദ്ധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണം

ഡോ.ആർ.രേണു, ജില്ലാ മെഡിക്കൽ ഓഫീസർ