നെന്മാറ: ഉത്സവപ്രേമികൾ കാത്തിരിക്കുന്ന നെന്മാറ -വല്ലങ്ങി വേലയ്ക്ക് തട്ടകമുണർന്നു. വേനൽച്ചൂടിനെ വെല്ലുന്ന രീതിയിലാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ആനച്ചമയ പ്രദർശനവും സന്ധ്യ മുതൽ അലങ്കാരപ്പന്തലുകളിലെ ദീപക്കാഴ്ചകളും കാണാൻ വേലപ്പറമ്പിൽ ജനങ്ങളുടെ ഒഴുക്കായിരുന്നു.
നെന്മാറദേശത്ത് ഇന്നലെ ആണ്ടിവേലയും വല്ലങ്ങിയിൽ താലപ്പൊലിയും ആഘോഷിച്ചു. നെന്മാറ ദേശമന്ദത്ത് ബ്രാഹ്മണവേഷം ധരിച്ച യുവാക്കൾ ദേവിസ്‌തോത്രം ചൊല്ലി നൃത്തച്ചുവടുവെക്കുന്ന ചടങ്ങാണ് ആണ്ടിവേല. ദേശത്ത് കഴിഞ്ഞദിവസം കരിവേലയും ആഘോഷിച്ചിരുന്നു. വല്ലങ്ങിദേശത്തിൽ പ്രധാന പരിപാടിയാണ് താലപ്പൊലി എഴുന്നെള്ളത്ത്. ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച് ശ്രീ കുറുംബക്കാവിൽ സമാപിച്ചു. എട്ടുദിവസമായി നടന്നുവന്ന കണ്യാർകളിയും ഇന്നലെ സമാപിച്ചു.
ഇന്ന് രാവിലെ നെന്മാറ ദേശത്ത് ക്ഷേത്ര പൂജകൾക്ക് ശേഷം വരിയോല വായിച്ച് നിറപറ എഴുന്നെള്ളത്ത് നടക്കും. വിവിധ സമുദായക്കാർ നൽകുന്ന ക്ഷേത്ര പറകൾ സ്വീകരിച്ചശേഷം മന്ദത്ത് എത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നെള്ളത്ത് ദേശത്തെ വിവിധ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകുന്നേരം പോത്തുണ്ടി റോഡിലെ ആനപ്പന്തലിലാണ് അണിനിരക്കുക.
വല്ലങ്ങിദേശത്ത് പ്രഭാത പൂജകൾക്ക് ശേഷം വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്ന് പഞ്ചവാദ്യവുമായി എഴുന്നെള്ളത്ത് തുടങ്ങും. വൈകീട്ട് നാലോടെ ബൈപാസ് റോഡിനടുത്ത് അണിനിരക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നെള്ളത്ത് വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്ര മുറ്റത്ത് കാവുകയറും. പിന്നീടാണ് നെന്മാറ ദേശത്തിന്റെ എഴുന്നെള്ളത്ത് കാവുകയറുക. ഇതോടെ മേളപ്പെരുക്കമായി.
നെന്മാറ ദേശത്തിന് ചോറ്റാനിക്കര വിജയൻമാരാർ പഞ്ചവാദ്യത്തിനും കലാമണ്ഡലം ശിവദാസ് പാണ്ടിമേളത്തിനും ചുക്കാൻപിടിക്കും. വല്ലങ്ങി ദേശത്തിന്റെ എഴുന്നെള്ളത്തിന് അയിലൂർ അനന്തനാരായണൻ പഞ്ചവാദ്യം നയിക്കും. പാണ്ടിമേളത്തിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ നേതൃത്വം നൽകും.
ഇരു ദേശത്തിന്റെയും കാവുകയറ്റത്തിന് ശേഷമാണ് പകൽ വെടിക്കെട്ട്. ആദ്യം വല്ലങ്ങി ദേശവും പിന്നീട് നെന്മാറ ദേശവും വെടിക്കെട്ടിന് തിരികൊളുത്തും. ശേഷം എഴുന്നെള്ളത്തുകൾ അതാത് ദേശമന്ദങ്ങളിലേക്ക് തിരിക്കുന്നു. ഇതോടെ പകൽ വേല പൂർണമാവും. പിന്നീട് തായമ്പകയോടെ രാത്രി വേല തുടങ്ങുകയായി.
പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്ന് ആരംഭിക്കും. തുടർന്ന് ക്ഷേത്രസമീപത്ത് എഴുന്നെള്ളത്ത് അണിനിരക്കുന്നതോടെ രാത്രി വെടിക്കെട്ട് തുടങ്ങും. പാണ്ടിമേളത്തോടെ കാവുകയറി മുത്തുക്കുടകളും പറവാദ്യവുമായി ദേശമന്ദങ്ങളിലേക്ക് തിരിക്കുന്ന എഴുന്നെള്ളത്തുകൾ നാളെ രാവിലെ തിടമ്പിറക്കുന്നതോടെ വേലയുടെ സമാപ്തിയാവും.