കെ. മണികണ്ഠൻ.
മുതലമട: ലോക്‌സഭ തിരഞ്ഞെടുപ്പ് വന്നതോടെ മുതലമട പഞ്ചായത്തിൽ സർക്കാർ സേവനങ്ങൾക്കായി പൊതുജനം വലയുന്നു. ഉദ്യേഗസ്ഥരിലേറെയും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കായി പോയതാണ് പ്രധാന കാരണം. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്താണ് മുതലമട. 45 പട്ടികജാതി കോളനികളും 47 പട്ടികവർഗ്ഗ കോളനികളും ഉൾപ്പെടുന്ന പഞ്ചായത്തിൽ 17 ജീവനക്കാരാണുള്ളത്. ഇതിൽ പ്രധാന പദവി വഹിക്കുന്ന സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ്, രണ്ട് യു.ഡി ക്ലർക്ക് എന്നിവരാണ് തിരഞ്ഞെടുപ്പ് ജോലിയിൽ പ്രവേശിച്ചത്. പകരം സെക്രട്ടറിയുടെ ചുമതല കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാൽ പദ്ധതി നിർവഹണത്തിന്റെ അന്തിമഘട്ടത്തിൽ നാളിതുവരെ കൊല്ലങ്കോട് സെക്രട്ടറി മുതലമടയിലേക്ക് വന്നിട്ടില്ല. ചുരുക്കത്തിൽ പഞ്ചായത്തിന്റെ സേവനം പൊതുജനങ്ങൾക്ക് കൃത്യസമയത്ത് ലഭ്യമാകാത്ത സാഹചര്യമാണ് നിലവിലുള്ളത് .
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിലെ ഭൂരിഭാഗം ജനങ്ങളും കുടിവെള്ളത്തിനായി പഞ്ചായത്ത് വാടകയ്ക്ക് എടുക്കുന്ന ടാങ്കർ ലോറികളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്ത് നേരിടുന്ന അതിരൂക്ഷമായ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി വിവിധ കുടിവെള്ള പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും ഉദ്യോഗസ്ഥരുടെ അഭാവം ഇതു നടപ്പാക്കാൻ തടസമാകുന്നുണ്ട്. 2023-24 സാമ്പത്തിക വർഷത്തിൽ എസ്.സി-എസ്.ടി ഫണ്ടുകൾ ഉൾപ്പടെയുള്ള പദ്ധതി നടത്തിപ്പ് മുടങ്ങുകയും ഫണ്ടുകൾ ലാപ്സാകുകയും ചെയ്തു. അതിനാൽ പഞ്ചായത്തിലെ നിലവിലെ ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തുന്നതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് മുതലമട പഞ്ചായത്ത് പ്രസിഡന്റ് പി.കല്പനാദേവി, വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ എന്നിവർ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.