നെന്മാറ: തട്ടകങ്ങളിലെയും നാടിനകത്തും പുറത്തുനിന്നുമെത്തിയ ആയിരക്കണക്കണക്കിന് വേല പ്രേമികളുടെയും മനം നിറച്ച് നെന്മാറ-വല്ലങ്ങി വേലയ്ക്ക് ഗാംഭീര്യതയാർന്ന സമാപ്തി. തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ഇന്നലെ രാവിലെ മുതൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഉച്ച കഴിഞ്ഞപ്പോഴേക്കും പകൽ വേല കാണാനെത്തിയവരെ കൊണ്ട് വല്ലങ്ങിപ്പാടം നിറഞ്ഞിരുന്നു. പാലക്കാടിന്റെ കൊടും ചൂടിനും കാണികളുടെ ആവേശം ചോർത്താനായില്ല. നെന്മാറ ദേശത്ത് മന്ദത്ത് നിന്നാരംഭിച്ച എഴുന്നെള്ളത്ത് ഉച്ചയോടെ ടൗണിലെത്തി. തിടമ്പേറ്റിയ ഗജവീരൻ ചിറയ്ക്കൽ കാളിദാസനെ കാണാൻ ആന പ്രേമികൾ ചുറ്റിലും നിറഞ്ഞിരുന്നു. ചോറ്റാനിക്കര വിജയൻ മാരാരും പഞ്ചവാദ്യ സംഘവും അകമ്പടിയുണ്ടായിരുന്നു, എഴുന്നെള്ളത്ത് ഗോവിന്ദാപുരം റോഡിലൂടെ പോത്തുണ്ടി റോഡിലുള്ള ആനപന്തലിലെത്തി നിലയുറപ്പിച്ചപ്പേൾ സമയം നാലുമണി. തുടർന്ന് കലണ്ഡലം ശിവദാസിന്റെ മേളപ്പെരുക്കമനുഭവിക്കാൻ മേളക്കമ്പക്കാരുമെത്തി. ഇതേ സമയം ഗജരാജൻ തിരുവമ്പാടി ചെറിയ ചന്ദ്രശേഖരൻ തിടമ്പ് വഹിച്ച വല്ലങ്ങി ദേശത്തിന്റെ എഴുന്നെള്ളത്ത് വല്ലങ്ങി ശിവക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടിരുന്നു. അയിലൂർ അനന്തനാരായണനന്റെ പഞ്ചവാദ്യ
സംഘം അകമ്പടിയേകി. വൈകിട്ട് നാലോടെ ബൈപാസ് റോഡിനു താഴെ വയലിൽ സജ്ജീകരിച്ച വല്ലങ്ങിയുടെ ആനപ്പന്തലിൽ ഗജവീരന്മാർ അണിനിരന്നു. പാണ്ടിമേളത്തിന് മട്ടന്നൂർ ശങ്കരൻ കുട്ടി നേതൃത്വം നൽകി. നെന്മാറയുടെയും വല്ലങ്ങി യുടേയും എഴുന്നെള്ളത്തുകൾ മുഖാമുഖം നിന്ന് കാവുകയറാൻ തുടങ്ങിതോടെ ബഹുവർണ മുത്തുകൾ പതിച്ച പട്ടുകുടകൾ മാറ്റി മാറ്റി നിവർത്തി മടക്കി ആകർഷകമായ കുടമാറ്റത്തിന് തുടക്കമായി.
വല്ലങ്ങി യുടെയും നെന്മാറയുടെയും കാവുകയറ്റം പൂർത്തിയായി പന്തലുകളിൽ തിരിച്ചു കയറിപ്പോഴേക്കും വെടിക്കെട്ടാരംഭിച്ചു. വർണങ്ങൾ കലർത്തിയ അമിട്ടുകളും മറ്റും ഉൾപ്പെടുത്തി ആദ്യം വല്ലങ്ങി തിരികൊളുത്തി. ഒട്ടും വൈകാതെ ജനങ്ങളെ ആവേശം കൊള്ളിച്ച്
നെന്മാറയും വെടിക്കെട്ട് തുടങ്ങി. ഒന്നിനൊന്ന് മെച്ചമായേ ദേശങ്ങളുടെ കരിമരുന്നിന്റെ കമനീയ കാഴ്ച വിരുന്ന് ആസ്വദിച്ച് വിവിധ ഭാഗത്തു നിന്ന് വേല കാണാനെത്തിയവർ വല്ലങ്ങി പാടത്തു നിന്ന് തിരിച്ച് രാത്രി വേലക്കുള്ള കോപ്പ് കൂട്ടി. ഇതോടെ പകൽ വേലയ്ക്ക് സമാപനമായി.