pattambhi-news
ചാലിശ്ശേരിയിലെ മണ്ണെടുപ്പ് കേന്ദ്രങ്ങളിലൊന്ന്.

പട്ടാമ്പി: അശാസ്ത്രീയ മണ്ണെടുക്കലും കുന്നിടിക്കലും മൂലമുള്ള ദുരിതത്തിൽ നിന്ന് കരകയറാനാകാതെ ചാലിശ്ശേരി. ചാലിശ്ശേരി പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും കുന്നിടിക്കലും മണ്ണ് ഖനനവും തുടങ്ങിയിട്ട് വർഷങ്ങളായി. ഇതിന്റെ ഫലമായി ഏതാനും മാസങ്ങൾക്ക് മുൻപ് ചാലിശ്ശേരി തണ്ണീർക്കോട് റോഡിൽ ടാർ ചെയ്ത ഭാഗം ഇടിഞ്ഞ് താഴ്ന്ന് വലിയ ഗർത്തം രൂപപ്പെട്ടിരുന്നു. തുടർന്ന് ഒരാഴ്ചക്കുള്ളിൽ തന്നെ അതിനടുത്ത പറമ്പും ഇടിഞ്ഞ് താഴ്ന്നു. കിഴക്കേ പട്ടിശ്ശേരിയിലെ പടാട്ട് കുന്നിടിച്ച് പാടശേഖരം നികത്തിയതായും ആരോപണമുണ്ട്. ചാലിശ്ശേരിയിൽ പട്ടിശ്ശേരി, കരിമ്പ, കൂനംമൂച്ചി, തണ്ണീർക്കോട്, കിഴക്കൻമുക്ക്, ഹെൽത്ത് സെന്റർ തുടങ്ങിയ പ്രദേശങ്ങളിലും കുന്നിടിക്കൽ നടക്കുന്നുണ്ട്. ചാലിശ്ശേരിയിലെ വട്ടക്കുന്ന്, ഹെൽത്ത് സെന്ററിന് സമീപമുള്ള പടാട്ടുകുന്ന്, ഗവ. കോളേജിനടുത്തുള്ള പ്രദേശം, തണ്ണീർക്കോട് കിഴക്കെ പട്ടിശ്ശേരി ഭാഗത്തെ കുന്നുകൾ, കൂനംമൂച്ചി പാതയിലെ നരിമട പ്രദേശം, കിഴക്കൻമുക്ക് തുടങ്ങിയ ഭാഗങ്ങളിലാണ് മണ്ണെടുക്കൽ വ്യാപകമായി നടക്കുന്നത്. കിഴക്കൻമുക്ക് പ്രദേശം, കോട്ടോപ്പാടം തുടങ്ങിയ മേഖലകളിൽ മണ്ണെടുക്കലിനെതിരെ എതിർപ്പുയ‌ർന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്ന് പിന്തുണ കിട്ടുന്നില്ലെന്ന് പൊതുപ്രവർത്തകർ പറയുന്നു. ദേശീയപാത നവീകരണത്തിനാണ് ഗ്രാമങ്ങളിൽ നിന്ന് മണ്ണെടുക്കുന്നത്. ദേശീയപാതാ വികസനം അനിവാര്യമാണെങ്കിലും അശാസ്ത്രീയമായ രീതിയിൽ നടക്കുന്ന മണ്ണ് ഖനനവും കൃഷിയിടങ്ങൾ ഇല്ലാതാക്കലും പ്രോത്സാഹിപ്പിക്കാനാകില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ പറഞ്ഞു. ജിയോളജി വകുപ്പിന്റെ അനുമതിയോടെയാണ് മണ്ണെടുക്കുന്നതെന്നും നിയമലംഘനം നടക്കുന്നുണ്ടെങ്കിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ചാലിശ്ശേരി വില്ലേജോഫീസർ പറഞ്ഞു. അതേസമയം ദേശീയപാത വികസനത്തിന്റെ മറവിൽ കുന്നിടിച്ച് മണ്ണെടുത്ത് സ്വകാര്യ വ്യക്തികൾക്ക് മറിച്ചു വിൽക്കുകയും, നെൽവയലുകൾ നികത്തി ഭൂമാഫിയയ്ക്ക് കൈമാറുന്നതായും ശക്തമായ ആരോപണമുണ്ട്.