മുതലമട: അഞ്ച് ഡാമുകൾ ഉള്ള, കേരളത്തിലെ രണ്ടാമത്തെ വലിയ പഞ്ചായത്താണ് മുതലമടയെങ്കിലും വേനൽ തുടങ്ങിയാൽ ഇവിടുത്തെ ജനങ്ങൾക്ക് കുടിവെള്ളം ഇപ്പോൾ കിട്ടാക്കനിയാണ്. പഞ്ചായത്തിലെ കിണറുകളിലേറെയും വറ്റിയതിനാൽ ഇപ്പോൾ കുടിനീരിനായി ടാങ്കർ ലോറികളെയാണ്ആശ്രയിക്കുന്നത്. ഇത്തവണ മാർച്ച് ആദ്യം മുതൽ തന്നെ ജലനിധി ഉൾപ്പെടെയുള്ള പദ്ധതികളിലെ കുഴൽ കിണറുകളും വറ്റിയത് പ്രതിസന്ധി രൂക്ഷമാക്കി. അടവുമരം, ചിറ്റാപ്പൊറ്റ, സ്രാമ്പിച്ചള്ള, പത്തിച്ചിറ, നീലിപ്പാറ, ഗോവിന്ദാപുരം, ചെമ്മണാമ്പതി, മേച്ചിറ, പഴയപാത, പുളിയന്തോണി എന്നിവിടങ്ങളിലുള്ളവരാണ് ഏറെ പ്രതിസന്ധി നേരിടുന്നത്. ഇവിടങ്ങളിൽ പഞ്ചായത്ത് വാടകയ്ക്ക് എടുത്ത് ഓടുന്ന ടാങ്കർ ലോറിയിൽ എത്തിക്കുന്ന വെള്ളം മാത്രമാണ് ആശ്രയം. രണ്ടുദിവസം കൂടുമ്പോൾ മാത്രമാണ് ടാങ്കറിൽ വെള്ളം എത്തുക. ഇത് വീടുകളിൽ ശേഖരിച്ച് വയ്ക്കാനുള്ള അപര്യാപ്തതയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്നു.
മുതലമടയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ 17 ലക്ഷം രൂപ തനത് ഫണ്ടിൽ വകയിരുത്തിയ പഞ്ചായത്ത്, വിവിധ കുടിവെള്ള പദ്ധതികളും പഞ്ചായത്തിലെ കുഴൽക്കിണർ അറ്റക്കുറ്റപ്പണികളും ടെണ്ടർ കൂടാതെ നടപ്പാക്കുന്നതിനായി, പഞ്ചായത്ത് പ്രസിഡന്റ് പി.കൽപ്പനദേവി, വൈസ് പ്രസിഡന്റ് എം.താജുദ്ദീൻ എന്നിവർ ജില്ലാ കലക്ടറോട് പ്രത്യേകാനുമതി തേടിയിട്ടുണ്ട്. ആളിയാറിൽ നിന്ന് കൂടുതൽ ജലം ലഭ്യമാക്കുന്നതിനാവശ്യമായ നടപടി ഉണ്ടാകണമെന്ന് ആവശ്യവും ശക്തമാണ്.
ക്വാറികളുടെ പ്രവർത്തനവും പറമ്പിക്കുളം ആളിയാർ വെള്ളം കിട്ടാത്തതുമാണ് മുതലമടയിലെ കുടിവെള്ള പ്രതിസന്ധിക്ക് പ്രധാന കാരണം. പരിസ്ഥിതിയെ മറന്നു കൊണ്ടുള്ള ഖനന പ്രവർത്തനങ്ങളുടെ ഫലമാണ് ഭൂഗർഭ ജലത്തിന്റെ തോത് താഴ്ന്ന പോകാൻ പ്രധാന കാരണം.
കെ. ഷൈജു ചിറ്റാപൊറ്റ,
പൊതുപ്രവർത്തകൻ, മുതലമട.