ഒലവക്കോട്: റമസാനിൽ നോമ്പു തുറയ്ക്ക് നാടൻ വിഭവങ്ങൾക്കൊപ്പം തലശ്ശേരി വിഭവങ്ങളും ചേർന്നാൽ നോമ്പ് തുറ ഉഷാറായി. ചിക്കൻ കൽമാസ്, ചട്ടി പത്തിരി, ഉന്നക്കായ, കിളിക്കൂട് എന്നിവ കഴിഞ്ഞ വർഷത്തെ താരങ്ങൾ ഇപ്രാവശ്യവും പാലക്കാട്ടെ വിപണി കീഴടക്കാനുണ്ട്. തലശ്ശേരി വിഭവങ്ങളായ ചട്ടിപ്പത്തിരി, കിളിക്കൂട്, ഉന്നക്കായ്, ഇറച്ചി പത്തിരി, ചിക്കൻ കൽമാസ്, ഇറച്ചി പോള തുടങ്ങി നാവിൽ വെള്ളമൂറുന്ന വിഭവങ്ങളുടെ നീണ്ട നിരയാണ് തീൻമേശയിലെത്തുന്നത്. തലശേരിയിൽ നിന്ന് ഇത്തരം പലഹാരങ്ങൾ ദിവസവും കൊണ്ട് വരുകയാണ് പതിവ്. നാടൻ വിഭവങ്ങളായ ചിക്കൻ സമൂസ, ബീഫ് സമൂസ, പരിപ്പ് വട, കായബജി, മുട്ട ബജി, മുളക് ബജി, കലത്തപ്പം, പഴംപൊരി തുടങ്ങിയ വിഭവങ്ങൾ വേറെയുമുണ്ട്. ഇത് കൂടാതെ സമൂസയുടെയും കട്ട്‌ലെറ്റുകളുടെയും പഫ്സുകളുടെയും വിവിധ വകഭേദങ്ങളുമുണ്ട് വിൽപ്പനക്ക്. ചട്ടി പത്തിരിയിൽ തന്നെ ബീഫ്, ചിക്കൻ, വെജ് എന്നിവയുടെ വ്യത്യസ്ത രുചികളുമുണ്ട്. റമസാൻ മാസമായതോടെയാണ് സ്‌പെഷ്യൽ എണ്ണക്കടികൾ കച്ചവട സ്ഥാപനങ്ങളിൽ നിരന്ന് തുടങ്ങിയത്. റോഡരികിൽ പ്രത്യേക സ്റ്റാളുകളിട്ടും നിലവിലെ സ്ഥാപനങ്ങൾക്ക് മുമ്പിൽ പ്രത്യേക കൗണ്ടറുകൾ വഴിയും എണ്ണക്കടികൾ വിൽക്കുന്നു. നോമ്പ് തുറക്ക് മാത്രമല്ല എല്ലാ വിഭാഗം ആളുകളും എണ്ണക്കടികൾ വാങ്ങാനെത്തുന്നുണ്ടെന്ന് പതിനഞ്ച് വർഷമായി റമസാനിൽ എണ്ണക്കടികൾ കച്ചവടം ചെയ്യുന്ന പി.പി.ജാസിർ പറഞ്ഞു. ഒരു ദിവസം തന്നെ 2000 ത്തിലേറെ എണ്ണക്കടികൾ വിൽക്കുന്നുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. നാല് മണി മുതൽ 6.30 വരെയാണ് കച്ചവട സമയം. ഇത് കൂടാതെ വീടുകളിലും എണ്ണ പലഹാരങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. പള്ളികളിലും നോമ്പ് തുറ വിഭവങ്ങൾക്കൊപ്പം എണ്ണക്കടികളും നൽകി വരുന്നുണ്ട്.