പാലക്കാട്: വന്യജീവി ആക്രമണത്തിൽ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ പാലക്കാട് ജില്ലയിൽ പൊലിഞ്ഞത് 49 ജീവനുകൾ. കാട്ടാനയും കാട്ടുപന്നിയും അടക്കമുള്ള മൃഗങ്ങളുടെ ആക്രമണത്തിലാണ് മരണങ്ങൾ സംഭവിച്ചത്. പുതൂർ തേക്കുപ്പനയിൽ രംഗന്റെ മരണമാണ് ഇതിൽ ഒടുവിലത്തേത്. കശുവണ്ടി ശേഖരിക്കാൻ കാട്ടിലേക്കു പോയതായിരുന്നു ഇയാൾ. വന്യമൃഗ -മനുഷ്യ സംഘർഷം വർദ്ധിക്കുമ്പോഴും ഇതിന് തടയിടാൻ കൃത്യമായ പോംവഴികൾ വനംവകുപ്പിന്റെയോ സർക്കാറിന്റെയോ മുന്നിലില്ല. കൃത്യമായ പഠനങ്ങളുടെയും പരിശോധനകളുടെയും അഭാവം ശാസ്ത്രീയ ഇടപെടലുകൾക്കും വെല്ലുവിളിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വനാതിർത്തികളിൽ നിന്ന് ഉയരുന്ന പ്രതിഷേധം ഇത്തവണ വോട്ടുബാങ്കിലും സ്വാധീനിച്ചേക്കും. ആക്രമണങ്ങളും മരണങ്ങളും ഉണ്ടാകുമ്പോഴും പോംവഴികളില്ലാതെ വനംവകുപ്പ് നെട്ടോട്ടത്തിലാണ്. കല്ലടിക്കോട്, അട്ടപ്പാടി, മണ്ണാർക്കാട്, വടക്കഞ്ചേരി, നെന്മാറ എന്നിങ്ങനെ പ്രധാന കാർഷിക മേഖലകളിലെല്ലാം വന്യമൃഗശല്യം രൂക്ഷമാണ്. 2020ൽ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ തീരുമാനം നടപ്പാക്കിയതു മുതൽ 2022 മേയ് വരെ മലപ്പുറം, പാലക്കാട് ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പ് ഈസ്റ്റേൺ സർക്കിളിൽ 1382 കാട്ടുപന്നികളെ വെടിവെച്ചുകൊന്നു.
28 വില്ലേജുകൾ കാട്ടുപന്നിശല്യം ഹോട്ട് സ്‌പോട്ട്
ആനകളുടെ ആക്രമണത്തിൽ മലമ്പുഴയുൾപ്പെടെ ജില്ലയിൽ അഞ്ചോളം മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2023 ജൂൺ 15ന് അട്ടപ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിന് വിധേയനായ യുവാവിന്റെ മൃതശരീരത്തിൽ ആന്തരികാവയവങ്ങൾ പോലും ഇല്ലായിരുന്നു. 28 വില്ലേജുകളാണ് പാലക്കാട് ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ കേന്ദ്രത്തിനയച്ച പട്ടികയിലുള്ളത്. 594 പേർക്ക് അഞ്ചു വർഷത്തിനിടെ വന്യമൃഗ ആക്രമണത്തിൽ പരിക്കേറ്റതായി വനംവകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 99 പേർ പാമ്പുകടിയേറ്റ് മരിച്ചു.