mv

പാലക്കാട്: സമയം വൈകിട്ട് നാലു മണി, കോങ്ങാട് ബസ് സ്റ്റാൻഡിന് പിറകിൽ ചുവപ്പണിഞ്ഞ് സദസും 2000 പേരെ ഉൾക്കൊള്ളുന്ന വേദിയും ഒരുക്കുന്ന തിരക്കിലാണ് നേതാക്കൾ. 40 ഡിഗ്രിയിൽ തിളച്ചുമറിയുന്ന മീനച്ചൂട്. പാണ്ടിക്കാറ്റിൽ പൊടി പാറുന്നു.

നാലരയോടെ സദസ് നിറഞ്ഞു കവിഞ്ഞു. വടക്ക് - പടിഞ്ഞാറ് ദിക്കിൽ നിന്ന് അനൗൺസ്മെന്റ് ശബ്ദം.പിന്നാലെ,വെള്ള ഇന്നോവ ക്രിസ്റ്റയിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കോങ്ങാട്ടെ പൊതുയോഗ വേദിയിലേക്ക്. സി.പി.എം ജില്ലാ സെക്രട്ടറിയും മറ്റു നേതാക്കളും സ്വീകരിച്ചു.

സമയം അഞ്ചേ കാൽ.ഗോവിന്ദൻ മാസ്റ്റർ പ്രസംഗം ആരംഭിച്ചു. '' ഓരോ തിരഞ്ഞെടുപ്പും കേവലം വിജയ പരാജയങ്ങളുടേത് മാത്രമല്ല. അത് രാഷ്ട്രീയ വിദ്യാഭ്യാസം നേടുന്നതിന്റേയും കൂടിയാണ്.'' പതിവ് ശൈലിയിൽ താത്വികമായ ആവലോകനം . പതിയെ ദേശീയ - സംസ്ഥാന രാഷ്ട്രീയത്തിലേക്കും ഇടതു പക്ഷത്തിന്റെ പ്രാധാന്യത്തിലേക്കും കയറ്റിറക്കം.

ഇന്ത്യ ജനാധിപത്യ - മതേതര രാഷ്ട്രമായി നിലനിൽക്കണമോ എന്നതാണ് പ്രധാനം. ഇനിയൊരു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ നമുക്കാകുമോയെന്ന് ചിന്തിക്കേണ്ട അവസ്ഥയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി വരുതിയിലാക്കി. ഇ.ഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഗുണ്ടാപ്പിരിവാണ്. നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി. ബി.ജെ.പിയിൽ ചേരാനാണ് കോൺഗ്രസുകാർക്ക് താത്പര്യം. പൗരത്വ ഭേദഗതിയെക്കുറിച്ച് അവരുടെ പ്രകടന പത്രികയിൽ ഒന്നുമില്ല. വയനാട്ടിലും ആലപ്പുഴയിലും സ്വന്തം പാർട്ടിയുടെ പതാക ഉപയോഗിക്കാൻ പോലും കഴിയാത്ത അവസ്ഥ. ഇന്ത്യയിൽ ബിജെപി വിരുദ്ധ സഖ്യം വരും. പ്രതിപക്ഷത്ത് നിരവധി പേർ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളവരാണ്. ഒരാളല്ല. നാട്ടിൽ വികസനം നടപ്പാക്കില്ലെന്ന് പറഞ്ഞൊരു പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. യു ഡി എഫിനെ ജനം തള്ളുകയാണ്-ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

രാവിലെ 11 മണിയോടെ ചെർപ്പുളശ്ശേരിയിലെത്തിയ സംസ്ഥാന സെക്രട്ടറി ആദ്യം പങ്കെടുത്തത് ഷൊർണൂർ മണ്ഡലത്തിലെ ബൂത്ത് സെക്രട്ടറിമാരുടെയും തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാക്കളുടെയും യോഗത്തിലായിരുന്നു.12.15 ഓടെ ചെർപ്പുളശ്ശേരി മിഥില റീജൻസിയിലേക്ക്. മാദ്ധ്യമ പ്രവർത്തകർ ഹാജർ. കേരള സ്റ്റോറിയുടെ പ്രദർശനം, കണ്ണൂരിലെ ബോംബ് സ്ഫോടനം സംബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് തന്റെ ശൈലിയിൽ മറുപടി . പിന്നീട് മിഥില റീജൻസിയിൽ ഉച്ചഭക്ഷണം . പൂർണമായും വെജിറ്റേറിയൻ. ഇടയ്ക്കിടെ ചൂടുവെള്ളവും കുടിക്കും. ഉച്ചയ്ക്ക് ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സെക്രട്ടറി ഇ.എൻ.സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.കൃഷ്ണദാസ് ഉൾപ്പെടെയുള്ളവരുമായി തിരഞ്ഞെടുപ്പ് ചർച്ച. അല്പ നേരത്തെ വിശ്രമത്തിന് ശേഷം കോങ്ങാട്ടെ പൊതു യോഗവേദിയിലേക്ക് . വൈകീട്ട് 6.15ഓടെ ശ്രീകൃഷ്ണപുരത്തെ പൊതുയോഗത്തിലും പങ്കെടുത്ത് പാലക്കാട്ടേക്ക് .