a

ഓരോ ദിവസവും കേരളം ചൂടിന്റെ കാര്യത്തിൽ റെക്കാർഡ് തിരുത്തി മുന്നേറുകയാണ്. കഴിഞ്ഞ ദിവസം 43 ഡിഗ്രിയായിരുന്നു പാലക്കാട്ടെ ഉയർന്ന താപനില. അതേസമയം, ഐ.ആർ.ടി.സിയുടെ താപമാപിനിയിൽ 40 ഡിഗ്രിയായിരുന്നു രേഖപ്പെടുത്തിയ ചൂട്. 2019ന് ശേഷം ആദ്യമായാണ് മാർച്ച് മാസത്തിൽ 40 ഡിഗ്രി രേഖപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ചൂട് കഴിഞ്ഞ മൂന്നു ദിവസമായി പാലക്കാടാണ് രേഖപ്പെടുത്തിയത്. ചൂട് 40 ഡിഗ്രിയെന്ന് രേഖപ്പെടുത്തുന്നുണ്ടെങ്കിൽ അതനുസരിച്ച് ഭൂമിയിലെ ചൂട് ഉൾപ്പെടെ ശരീരത്തിൽ അനുഭവപ്പെടുക 46 ഡിഗ്രി (ഹീറ്റ് ഇൻഡക്സ്)യാണ്.

പലയിടത്തും അന്തരീക്ഷത്തിന്റെ ചൂടു മാത്രം 41 ഡിഗ്രി വരെ അനുഭവപ്പെടുന്നുണ്ടെങ്കിലും കാലാവസ്ഥാകേന്ദ്രം (എ.ഐ.എം.ഡി) അത് ഔദ്യോഗികമായി എടുക്കുന്നില്ല. സംസ്ഥാനത്തെ നൂറിലധികം സ്ഥലത്തു സ്ഥാപിച്ചിട്ടുളള ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്ക് ഐ.ഐ.എം.ഡി പരിഗണിക്കുന്നില്ലെങ്കിലും ദുരന്തനിവാരണ അതോറിട്ടി ഉൾപ്പെടെ, നടപടികൾക്ക് അത് അടിസ്ഥാനമാക്കുന്നുണ്ട്. വലിയ തോതിൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നതിനാൽ വരും ദിവസങ്ങളിലും അതീവ ജാഗ്രത പുലർത്തണമെന്നാണു കാലാവസ്ഥാ ശാസ്ത്രജ്ഞരും ആരോഗ്യപ്രവർത്തകരും നൽകുന്ന മുന്നറിയിപ്പ്. കടുത്ത ചൂടിൽ ചിലയിടങ്ങളിൽ കാർമേഘ രൂപീകരണം നടക്കുന്നുണ്ടെങ്കിലും അന്തരീക്ഷ സമ്മർദ്ദം കാരണം മിക്കയിടത്തും പെയ്യുന്നില്ല. ഉഷ്ണത്തിന്റെ കാഠിന്യത്തിൽ പെയ്യുന്ന മഴ നേരിയ തോതിലാണ് ഭൂമിയിൽ പതിക്കുന്നത്. കർണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളിൽ ഉഷ്ണം വർദ്ധിച്ചു തുടങ്ങിയതിന്റെ സ്വാധീനവും വരുംദിവസങ്ങളിൽ അനുഭവപ്പെടും.

അട്ടപ്പാടിക്ക് വേണ്ടത്

ഒരുകോടി ഘനമീറ്റർ വെള്ളം

വേനൽ കടുത്തതോടെ 194 ആദിവാസി ഊരുകളിൽ പകുതിയിലേറെ ശുദ്ധജലത്തിനു ബുദ്ധിമുട്ടുകയാണ്. വെള്ളമുള്ള ഊരുകളിൽ കിട്ടുന്നതു പലപ്പോഴും ശുദ്ധീകരിച്ച വെള്ളമല്ല. ഭവാനി, ശിരുവാണി പുഴകളും ചെറിയ കാട്ടാറുകളും തോടുകളും ഉറവകളുമാണ് ആകെയുള്ള ആശ്രയം. കുടിയേറ്റ ഗ്രാമങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല.

കുഴൽക്കിണറുകളിൽ ലഭിക്കുന്ന വെള്ളത്തിന് രുചിമാറ്റമുണ്ടെന്ന് നാട്ടുകാർ പറയുന്നു. ഫ്ളൂറൈഡ് പോലുള്ള ലവണങ്ങളുടെ അളവ് വെള്ളത്തിൽ കൂടുതലാണ്. ഇതോടെ കടുത്ത വേനലിൽ കുടിക്കാനും കുളിക്കാനും വെള്ളം തേടി കിലോമീറ്ററുകൾ യാത്ര ചെയ്യേണ്ട സ്ഥിതിയിലാണ് ഊരു നിവാസികൾ. അട്ടപ്പാടിയിൽ നിലവിലെ ജലവിനിയോഗം മാസം കുറഞ്ഞത് 80 ലക്ഷം ഘനമീറ്ററാണ് (8 എംഎം ക്യൂബ്). കൃഷിക്കു ജലസേചനത്തിനും ശുദ്ധജലാവശ്യങ്ങൾക്കും വേണ്ടി ഭവാനിപ്പുഴയിൽ നിന്നു പമ്പു ചെയ്യുന്ന വെള്ളത്തിന്റെ കണക്കു മാത്രമാണിത്.

ശിരുവാണി പുഴയിലെയും മറ്റു സ്രോതസ്സുകളിലെയും കണക്കു കൂടി ചേരുമ്പോൾ ഒരു കോടി ഘന മീറ്ററാകും. പുഴകളിൽ ജല ലഭ്യത കുറയുകയാണ്. ഈ സാഹചര്യത്തിൽ ശിരുവാണിപ്പുഴയിൽ 2.87 ടിഎംസി വെള്ളം സംഭരിക്കാവുന്ന നിർദിഷ്ട അട്ടപ്പാടി ജലസേചന പദ്ധതിയുടെ തടയണയും തൊഡ്കി, അരളിക്കോണം പദ്ധതികളും (0.57 ടിഎംസി) ഉടൻ സാദ്ധ്യമാക്കുകയാണു മാർഗം.

കുടിവെള്ളം തലചുമടായി

കൊണ്ടുപോകണം

വേനൽ കടുത്തതോടെ അഗളിയിൽ ജലക്ഷാമം രൂക്ഷമായി. പ്രധാന ശുദ്ധജല വിതരണ പദ്ധതികളിൽ ആവശ്യത്തിന് വെള്ളമില്ലാതായി. ഒന്നിടവിട്ട ദിവസങ്ങളിൽ നടന്നിരുന്ന ശുദ്ധജല വിതരണം കൃത്യമായി നടത്താനാവുന്നില്ല. ഉയർന്ന പ്രദേശങ്ങളിലേക്ക് വെള്ളമെത്തുന്നില്ല. 15 വർഷം മുമ്പ് അഹാഡ്സ് സ്ഥാപിച്ച അഗളി ശുദ്ധജല വിതരണ പദ്ധതിയിൽ തുമ്പപ്പാറയിലെ സ്രോതസിൽ നീരൊഴുക്ക് കുറഞ്ഞതായി പഞ്ചായത്ത് അധികൃതർ പറയുന്നു. ഇവിടെയുള്ള താത്കാലിക തടയണ ഉയരം കൂട്ടി സംഭരണശേഷി വർദ്ധിപ്പിച്ചാൽ അഗളിയിലേക്കുള്ള വെള്ളം ലഭിക്കും.

അട്ടപ്പാടിയിലെ ശുദ്ധജല ക്ഷാമത്തിന്റെ നേർക്കാഴ്ചയാണ് മേലെ മന്തി മലയിലേത്. ഊരിൽ 30 കുടുംബങ്ങളുണ്ട്. പഞ്ചായത്ത് നടപ്പാക്കിയ ശുദ്ധജല പദ്ധതിയാണ് ഇവരുടെ ഏക ആശ്രയം. മോട്ടർ തകരാറായതിനെ തുടർന്ന് അതും മുടങ്ങിയ അവസ്ഥയിലാണ്. ഇതോടെ ഒരു കിലോമീറ്റർ ദൂരെയുള്ള പഴയ കുളത്തിൽ നിന്നാണു വെള്ളം ശേഖരിക്കുന്നത്. തലച്ചുമടായി കൊണ്ടുപോകണം. വെള്ളമില്ലാത്തതു ദൈനംദിന ജീവിതത്തെയും ശുചിത്വത്തെയും ആരോഗ്യത്തെയും ബാധിച്ചിട്ടുണ്ട്. 40 കോടി ലോക ബാങ്കിന്റെ സഹായത്തോടെ 3 വർഷം മുൻപു തുടങ്ങിയ സമഗ്ര അഗളി ശുദ്ധജല വിതരണ പദ്ധതിയുടെ സംഭരണികളുടെയും കിണറിന്റെയും നിർമ്മാണവും കുഴൽ സ്ഥാപിക്കലും കഴിഞ്ഞിട്ടുണ്ട്. പദ്ധതി വേഗം പൂർത്തിയാക്കണമെന്നാണ് ആവശ്യം.


പമ്പിംഗ്

പ്രതിസന്ധിയിലാകും


ആളിയാറിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കുള്ള ജലവിതരണം സെക്കൻഡിൽ 100 ഘനയടിയിലും കുറഞ്ഞതോടെ ശുദ്ധജല വിതരണത്തിൽ കടുത്ത ആശങ്ക. ഇന്നലെ സെക്കൻഡിൽ 83 ഘനയടി തോതിലാണു വെള്ളം ലഭിച്ചത്. ഇത് ഒന്നിനും തികയാത്ത സ്ഥിതിയാണ്. ആളിയാറിൽ നിന്നുള്ള ജലമൊഴുക്കു കുറച്ചതോടെ കേരളം തമിഴ്നാടുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഇതോടെ തുറന്നു വിടുന്ന വെള്ളത്തിന്റെ അളവിൽ നേരിയ വർദ്ധന വരുത്തിയിട്ടുണ്ട്. ചിറ്റൂർപ്പുഴ, ഭാരതപ്പുഴ പദ്ധതികളിലെ ശുദ്ധജല ആവശ്യത്തിനായി സെക്കൻഡിൽ 250 ഘനയടി തോതിലെങ്കിലും ജലം ലഭ്യമാക്കണമെന്നാണു കേരളം ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനിടെയാണു ജലമൊഴുക്കിൽ വൻതോതിൽ കുറവു വരുത്തിയത്. പറമ്പിക്കുളം - ആളിയാർ സിസ്റ്റത്തിൽ 4 ടി.എം.സിയിലധികം ജലം ഉപയോഗിക്കാവുന്ന അവസ്ഥയിലുണ്ട്.

ഇതിൽ നിന്നു ശുദ്ധജല വിതരണത്തിനായി 2 ടി.എം.സി ജലം ചിറ്റൂർപ്പുഴയിലേക്കു നൽകാൻ തമിഴ്നാടിനു സാധിക്കുമെന്നു കേരളം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മന്ത്രി കെ. കൃഷ്ണൻകുട്ടി ചീഫ് സെക്രട്ടറിക്കു നൽകിയ കത്തിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പറമ്പിക്കുളം - ആളിയാർ പദ്ധതിയിൽ നിന്നു ചിറ്റൂർപ്പുഴയിലേക്കു വേണ്ടത്ര വെള്ളം നേടിയെടുക്കാൻ സംസ്ഥാന സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

അടുത്ത ആഴ്ചയോടെ ചിറ്റൂർപ്പുഴ വഴി കൂടുതൽ വെള്ളം താഴേക്ക് ഒഴുക്കിയില്ലെങ്കിൽ ചിറ്റൂർപ്പുഴ, ഭാരതപ്പുഴ സ്രോതസാക്കിയ ഭൂരിഭാഗം ശുദ്ധജല പദ്ധതികളിലും പമ്പിംഗ് പ്രതിസന്ധിയിലാകും. പറമ്പിക്കുളം-ആളിയാർ കരാർ പ്രകാരം ഏപ്രിൽ ഒന്നു മുതൽ മേയ് 15 വരെ ജലം വിതരണം ഇല്ലെങ്കിലും മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് കിട്ടേണ്ടതിൽ 1.5 ടി.എം.സി ജലത്തിന്റെ കുറവുണ്ട്. ഈ വെള്ളം ഉടൻ നൽകണമെന്നാണു കേരളത്തിന്റെ ആവശ്യം.

വരണ്ടുണങ്ങി

ഭാരതപ്പുഴ

ഭാരതപ്പുഴ വറ്റിവരണ്ടതോടെ പേരൂർ പള്ളംതുരുത്തിൽ ജലക്ഷാമം രൂക്ഷമായി. പള്ളംതുരുത്ത് തടയണയിൽ ഷട്ടർ സ്ഥാപിക്കാത്തതിനാൽ പുഴയിലെ വെള്ളം പൂർണമായി ഒഴുകിപ്പോയിരുന്നു. കഴിഞ്ഞ വർഷം പാടശേഖര സമിതിയുടെ നേതൃത്വത്തിൽ മരപ്പലക ഉപയോഗിച്ചു ഷട്ടർ സ്ഥാപിച്ചിരുന്നു. കാലപ്പഴക്കത്തെ തുടർന്നു ഷട്ടർ തകർന്നതോടെ തടയണയിൽ വെള്ളം സംഭരിക്കാൻ കഴിഞ്ഞിരുന്നില്ല. പള്ളംതുരുത്തിലെ ലിഫ്റ്റ് ഇറിഗേഷൻ പുഴയിൽ വെള്ളമില്ലാത്തതിനാൽ പ്രവർത്തനം നിലച്ചിരിക്കയാണ്.