
2022 -23 വർഷത്തെ രണ്ടാംവിളയുടെ വില നൽകിയത്.
ആയിരത്തോളം പേരിൽ പകുതിപ്പേർക്ക് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകി.
ഈ ആഴ്ചതന്നെ തുകവിതരണം പൂർത്തിയാക്കും.
2023 -24ലെ ഒന്നാംവിളയുടെ തുക കിട്ടാനുള്ള 2,392 പേരാണ് ജില്ലക്കാലുണ്ട്.
നെന്മാറ: കൈപ്പറ്റ് രസീതിന്റെ (പി.ആർ.എസ്) അടിസ്ഥാനത്തിൽ നെല്ലുവില വായ്പയായി വേണ്ടെന്ന നിലപാടെടുത്തവർക്ക് ഒടുവിൽ വില ലഭിച്ചുതുടങ്ങി. 2022 -23 വർഷത്തെ രണ്ടാംവിളയുടെ വിലയാണ് ഇങ്ങനെ നൽകി തുടങ്ങിയത്. സംസ്ഥാനത്തൊട്ടാക മൂവായിരത്തോളം പേരും ജില്ലയിൽ ആയിരത്തോളം പേരുമാണ് ഇത്തരത്തിലുള്ളത്. ഇതിൽ പകുതിപ്പേർക്ക് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയെന്നും ഈ ആഴ്ചതന്നെ തുകവിതരണം പൂർത്തിയാകുമെന്നും സപ്ലൈകോ അധികൃതർ പറഞ്ഞു.
പി.ആർ.എസ് വായ്പ വേണ്ടെന്നും നെല്ലുവില നേരിട്ട് കിട്ടണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് വാങ്ങിയവരും ഇതിലുൾപ്പെടും. 2023 -24ലെ ഒന്നാംവിളയുടെ തുക കിട്ടാനുള്ള ആറായിരത്തോളം പേർ ഇനിയും സംസ്ഥാനത്തുണ്ട്. ഇതിൽ 2,392 പേരാണ് പാലക്കാട് ജില്ലക്കാർ. ഈ തുക വിതരണം ചെയ്ത് തുടങ്ങിയിട്ടില്ല. നടപ്പ് രണ്ടാംവിളമുതൽ നെല്ലുവില വിതരണം പി.ആർ.എസ് വായ്പയായി മാത്രമാണെന്ന് സർക്കാർ നയപരമായി തീരുമാനിച്ചിട്ടുണ്ടെന്ന് സപ്ലൈകോ അറിയിച്ചു. പി.ആർ.എസ് സ്ഥിരീകരിച്ച് തുകയനുവദിക്കുന്ന മുറയ്ക്ക് കർഷകർ ബാങ്കിലെത്തി നടപടിക്രമം പൂർത്തിയാക്കി തുക കൈപ്പറ്റണം. നേരിട്ട് നൽകുന്ന ക്രമീകരണം ഉണ്ടാകില്ല.