പാലക്കാട്: കേരളത്തിന്റെ മറ്റിടങ്ങളിലേറെയും വേനൽ മഴയുടെ നേരിയ ആശ്വാസം കൊള്ളുമ്പോൾചുട്ടുപൊള്ളുന്ന വേനലിൽ വിയർത്തൊലിക്കുകയാണ് പാലക്കാട്. ജില്ലയിൽ തുടർച്ചയായി 40 ഡിഗ്രി ശരാശരിയിലാണ് ചൂട് പലയിടങ്ങളിൽ രേഖപ്പെടുത്തുന്നത്. പാലക്കാട് ഉൾപ്പെടെ സംസ്ഥാനത്ത് 12 ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിൽ അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ ഡോ.എസ്.ചിത്ര അറിയിച്ചു.

ഏപ്രിൽ 12 വരെ ജില്ലയിൽ ഉയർന്ന താപനില 41 ഡിഗ്രി വരെ ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്ന ചൂട് 40.7 ഡിഗ്രി സെൽഷ്യസാണ്. ഉയർന്ന താപനില മൂലം സൂര്യതാപം, നിർജലീകരണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുവാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ കാലാവസ്ഥ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാദ്ധ്യതയുണ്ട്.

വറ്റി വരണ്ട് ജലാശയങ്ങൾ

വേനൽ കടുത്തതോടെ ജില്ലയിലെ മിക്ക അണക്കെട്ടുകളിലെയും ജലവിതാനം കുത്തനെ താഴ്ന്നു. പറമ്പിക്കുളം ആളിയാർ നിന്ന് അധികജലം ലഭ്യമാകാത്തതിനെ പുറമെ മലമ്പുഴ അണക്കട്ടിലും ജലനിരപ്പ് താഴ്ന്നതോടെ ജില്ല കടുത്ത കുടിവെള്ളക്ഷാമത്തിലേക്ക് നീങ്ങുകയാണ്. പറമ്പിക്കുളം -ആളിയാറിൽ നിന്നും വെള്ളം ലഭിച്ചെങ്കിൽ മലമ്പുഴയിൽ നിന്നും ഭാരതപ്പുഴയിലേക്ക് വെള്ളം തുറന്നുവിട്ട് തടയണകൾ നിറച്ചാണ് കുടിവെള്ളക്ഷാമം പരിഹരിക്കുന്നത്. എന്നാൽ 115.06 മീറ്റർ പരമാവധി സംഭരണശേഷിയുള്ള മലമ്പുഴ അണക്കെട്ടിൽ 103.31 മീറ്റർ വെള്ളം മാത്രമാണുള്ളത്. പാലക്കാട് നഗരസഭ, മലമ്പുഴ, അകത്തേത്തറ, പുതുപരിയാരം, മരുത റോഡ്, പിരിയാരി, പുതുശ്ശേരി പഞ്ചായത്തുകൾക്ക് പുറമെ ചിറ്റൂർ താലൂക്കിലെ ചില പഞ്ചായത്തുകൾക്കും ഇവിടെ നിന്നാണ് വെള്ളം നൽകുന്നത്. കനത്ത ചൂടിൽ ബാഷ്പീകരണതോത് വർദ്ധിച്ചതിനാൽ പ്രതിദിനം വെള്ളത്തിന്റെ അളവും കുറയുകയാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളം ക്ഷാമം പരിഹരിക്കാൻ പുഴയിലേക്ക് തുറക്കാൻ സാദ്ധ്യമല്ലെന്നാണ് ജലസേചന അധികൃതർ പറയുന്നത്.

ജാഗ്രത പാലിക്കാം

 പകൽ 11 മുതൽ വൈകീട്ട് മൂന്നുവരെ നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

 പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

 നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

 അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

 പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ.ആർ.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

 മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങൾ (ഡംപിംഗ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനും സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

 ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

 അങ്കണവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

 ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11- 3) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.