
ഷൊർണൂർ: സാധാരണക്കാർക്ക് തിരിച്ചടിയായി ഷൊർണൂർ ഗവ. ആശുപത്രിയിലെ കിടത്തി ചികിത്സാ വാർഡുകൾ പൂട്ടി. രോഗീപരിചരണത്തിന് താത്കാലികമായി നിയമിക്കപ്പെട്ട രണ്ട് നഴ്സുമാരും അവധിയിലായതിനാലാണ് വാർഡുകൾ പൂട്ടേണ്ടി വന്നത്. നഗരസഭ താത്കാലികമായി നിയമിച്ച രണ്ട് നഴ്സുമാരിൽ ഒരാൾ ഗൾഫിൽ പോയതിനാലും മറ്റൊരാൾ പ്രസവാവധി ആയതിനാലും നഴ്സുമാരുടെ സേവനം വാർഡുകളിൽ ഇല്ലാതായി.
ബദൽ സംവിധാനമൊരുക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുമില്ല. 33 കിടക്കകളുള്ള രണ്ട് ബ്ലോക്കുകളാണ് ആശുപത്രിയിലുള്ളത്. കൊവിഡ് മഹാമാരിക്ക് മുമ്പ് വരെ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന കിടത്തി ചികിത്സാ സംവിധാനം തുടർന്ന് മൂന്ന് വർഷത്തോളം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. പിന്നീട് പൊതുജനങ്ങളുടെ പ്രതിഷേധങ്ങൾ കാരണമാണ് വാർഡുകൾ വീണ്ടും തുറന്നത്. ഇതാണ് രണ്ടാമതും പൂട്ടി കിടക്കുന്നത്. കിടത്തി ചികിത്സാ സൗകര്യം ഇതും ഇല്ലാതായതോടെ അമിതമായ പണചെലവോടെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട ഗതികേടാണ് രോഗികൾക്ക്.