
പാലക്കാട്: ഹോങ്കോങ്ങിൽ ജോലി വാഗ്ദാനം ചെയ്തു വിസ ലഭ്യമാക്കുമെന്ന് തെറ്റിദ്ധരിപ്പിച്ചു ഒട്ടേറെ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. ചന്ദ്രനഗർ ചേലേരി വീട്ടിൽ രാജേഷിനെയാണ് കസബ പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം മുംബൈ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. പുതുശ്ശേരി സ്വദേശിയുടെ 2.75 ലക്ഷം തട്ടിയ കേസിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ഇതിനിടെ പ്രതി പാലക്കാട്ട് നിന്ന് കോയമ്പത്തൂരിലേക്കും പിന്നീട് മുംബൈയിലേക്കും മുങ്ങി. വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് മുംബൈ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ്, പാലക്കാട് സബ് ഡിവിഷൻ എ.എസ്.പി അശ്വതി ജിജി എന്നിവരുടെ നിർദ്ദേശപ്രകാരം കസബ ഇൻസ്‌പെക്ടർ വി.വിജയരാജൻ, എസ്.ഐമാരായ എച്ച്.ഹർഷാദ്, എ.ബാബുരാജൻ, എ.എസ്.ഐ റെജു, സിജി എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. പൊലീസ് സമഗ്ര അന്വേഷണം ആരംഭിച്ചു.