
ചിറ്റൂർ: ചിറ്റൂർ പുഴപ്പാലത്തെ ശോക ശാന്തിവനം വാതക ശ്മശാനം അടച്ചുപൂട്ടിയിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും തുറന്നു പ്രവർത്തിപ്പിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. നഗരസഭയിലെ 29 വാർഡുകളിലുള്ളവരും സമീപ പഞ്ചായത്തുകളിലെ താമസക്കാരും സംസ്‌കാരത്തിന് ആശ്രയിക്കുന്നത് ഈ വാതക ശ്മശാനത്തെയാണ്.
നിലവിൽ മുൻ കാലങ്ങളിലെ പോലെ പുഴയോരങ്ങളിൽ ശവസംസ്‌കാരചടങ്ങ് നടത്തേണ്ടതായ ഗതികേടിലാണെന്ന് നാട്ടുകാർ പറഞ്ഞു. ചിറ്റൂരിലെ ആദ്യത്തെ വാതക ശ്മശാനമാണ് പുഴപ്പാലത്തെ ശോക ശാന്തിവനം ശ്മശാനം.
ബർണർ തകരാർ മുൻകൂട്ടി അറിഞ്ഞിട്ടും ബർണർ മാറ്റുന്നതിൽ നഗരസഭയ്ക്കുണ്ടായ വീഴ്ചയാണ് ശ്മശാനം ദീർഘനാളേക്ക് പൂട്ടിയിടേണ്ടി വന്നതെന്നതാണ് ആരോപണം. മുമ്പൊക്കെ അറ്റകുറ്റ പണികളുടെ പേരിൽ ഇടയ്ക്കിടെ അടച്ചിടാറുണ്ടെങ്കിലും ഇത്ര നീണ്ട നാൾ അടച്ചിടുന്നത് ആദ്യമാണ്.
ബർണർ തകരാറിൽ
ബർണർ തകരാറിനെ തുടർന്നാണ് ശ്മശാനം അടച്ചുപൂട്ടിയത്. ഇതോടെ മൃതദേഹം ദഹിപ്പിക്കാൻ കിലോമിറ്ററുകൾ ദൂരത്തുള്ള പാലക്കാട് ചന്ദ്രനഗറിലെ വൈദ്യുത ശ്മശാനത്തിലേക്കൊ പട്ടഞ്ചേരിയിലുള്ള വാതക ശ്മശാനത്തിലേക്കോ കൊണ്ടുപോകേണ്ട അവസ്ഥയാണുള്ളത്. പലപ്പോഴും അവിടങ്ങളിൽ ഒഴിവുണ്ടാകാത്ത സ്ഥിതിയുണ്ട്. ഇതുകാരണം മൃതദേഹങ്ങൾ ദഹിപ്പിക്കാനാകാതെ ജനം വലയുകയാണ്.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദർഘാസ് ക്ഷണിക്കും
പുതിയ ബർണറിന് ഒന്നര ലക്ഷം രൂപ വിലവരും. പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ ഇതിനുള്ള ദർഘാസ് ക്ഷണിക്കാൻ പറ്റാതെ വരികയായിരുന്നു. തിരഞ്ഞെടുപ്പ് കഴിയുന്ന മുറക്ക് തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്നാണ് നഗരസഭ ആരോഗ്യ വകുപ്പ് അധികൃതർ പറയുന്നത്.