
പാലക്കാട്: കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോയിൽ നിന്നും 20 വർഷമായി സർവീസ് നടത്തിയിരുന്ന പുതുക്കോട് -കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ നിറുത്തലാക്കാൻ ഒരുങ്ങി അധികൃതർ. സർവീസ് നിർത്തുന്നതോടെ വിദ്യാർത്ഥികൾക്കും കോയമ്പത്തൂരിലേക്ക് കച്ചവടം, ജോലി സംബന്ധച്ച് സ്ഥിരം യാത്രചെയ്യുന്നവരും ദുരിതത്തിലാകും.
പുതുക്കോട് നിന്നും രാവിലെ 5.30ന് തുടങ്ങി രാത്രി 9.30ന് കോയമ്പത്തൂരിൽ നിന്നും തിരിച്ച് പുതുക്കോട് വന്ന് വടക്കഞ്ചേരിയിൽ അവസാനിക്കുന്ന രീതിയിലായിരുന്നു ബസ് സർവീസ് നടത്തിയിരുന്നത്. രാത്രി ആളുകൾ കുറവാണെന്ന് കാരണംപറഞ്ഞ് സർവീസ് വടക്കഞ്ചേരിയിലേക്ക് മാത്രമായി വെട്ടിക്കുറച്ചു. ഇപ്പോൾ ഉച്ചയ്ക്ക് രണ്ടുമണിക്ക് വടക്കഞ്ചേരിയിൽ അവസാനിക്കുന്ന രീതിയിലാണ് ബസ് സർവീസ് നടത്തുന്നത്. ഇതുമൂലം കണ്ണമ്പ്ര - പുതുക്കോട് ഭാഗത്തു നിന്ന് കോയമ്പത്തൂരിൽ കേളേജിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളും പുതുക്കോട് നിന്നും കച്ചവട സംബന്ധമായ ആവശ്യങ്ങൾക്ക് കോയമ്പത്തൂരിലേക്കും തിരിച്ചും യാത്ര ചെയ്തിരുന്നവരും ഏറെ ബുദ്ധിമുട്ടിലാണ്. ഈ ബസ് സർവീസ് നിറുത്തലാക്കുന്നതിന് മുന്നോടിയായി തൃശൂരിൽ നിന്നും പാലക്കാട് നിന്നും ഈ ബസിന് മുന്നിലും പിന്നിലുമായി പുതിയ സർവീസുകൾ കെ.എസ്.ആർ.ടി.സി ആരംഭിച്ചിരുന്നു. ഇത് കളക്ഷൻ കുറയാൻ കാരണമായതായി ബസ് ജീവനക്കാർ പറയുന്നു.
ഒപ്പ് ശേഖരണവും പ്രതിഷേധ മാർച്ചും
ഈ സർവീസ് നിലനിറുത്തണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകൾ മുഖ്യമന്ത്രിക്കും ഗതാഗതവകുപ്പ് മന്ത്രിക്കും പരാതി നൽകുന്നതിനായി ഒപ്പ് ശേഖരണം ആരംഭിച്ചിട്ടുണ്ട്. വിവിധ യുവജന സംഘടനകൾ കെ.എസ്.ആർ.ടി.സി വടക്കഞ്ചേരി ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അറിയിച്ചു.