പാലക്കാട്: വിഷു വീട്ടുപടിക്കലെത്തി. ജോലിയും മറ്റുമായി അന്യനാട്ടിൽ ഉള്ളവർക്ക് തപാൽ വഴിയും വിഷുക്കൈനീട്ടം നൽകാം. ബുക്ക് ചെയ്യുന്നവർക്കെല്ലാം അവരുടെ പ്രിയപ്പെട്ടവർക്ക് വിഷുദിവസം കൈനീട്ടമെത്തിക്കും തപാൽ വകുപ്പ്. ഇന്ന് വരെ കൈനീട്ടം ബുക്ക് ചെയ്യാം. രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസിൽ നിന്നും വിഷുക്കൈനീട്ടം ബുക്ക് ചെയ്ത് അയക്കാം. എന്നാൽ കേരളത്തിലേക്ക് മാത്രമേ അയയ്ക്കാനാകൂ.
ഇന്റർനെറ്റ് സൗകര്യമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിൽ നിന്നും വിഷുക്കൈനീട്ടം അയക്കാം. പോസ്റ്റ് ഓഫീസുകളിൽ ഇതിനായി പ്രത്യേക അപേക്ഷ ഫോം ലഭിക്കും. 2022 ലാണ് കൈനീട്ടം ആരംഭിച്ചത്. രണ്ട് വർഷവും വിഷുക്കാലത്ത് ഇതിന് നല്ല പ്രതികരമാണ് ലഭിച്ചത്. 2022 ൽ കേരള സർക്കിളിൽ മാത്രം 13,000 ബുക്കിംഗാണ് ലഭിച്ചത്. 2023 വിഷുക്കാലത്ത് ഇത് 20000 ലേക്ക് കുതിച്ചുയർന്നു. ബുക്കിംഗ് സമയം തീരാൻ 24 മണിക്കൂർമാത്രം അവശേഷിക്കേ കേരള സർക്കിളിൽ ഇത്തവണ 25000 ലധികം ബുക്കിംഗ് പ്രതീക്ഷിക്കുന്നതായി പോസ്റ്റൽ ഡിപ്പാർട്മെന്റ് അറിയിച്ചു.
കൈനീട്ടം ഇങ്ങനെ
കുറഞ്ഞത് 101 രൂപയാണ് കൈനീട്ടം. ഇതിന് 19 രൂപ തപാൽ ഫീസ് ഈടാക്കും. 120 രൂപയ്ക്ക് കൈനീട്ടം എത്തിക്കാൻ സാധിക്കുമെന്ന് സാരം.
201 രൂപ, 501 രൂപ, 1001 രൂപ എന്നിങ്ങനെയും കൈനീട്ടം അയക്കാം. ഇതിന് യഥാക്രമം 29, 39, 49 രൂപ എന്നീങ്ങനെയാണ് തപാൽ ഫീസ്.