manjaloor
മഞ്ഞളൂർ ചിമ്പച്ചാലയിൽ അനിലും മണിയും കണി വെള്ളരി വിളവെടുപ്പിനിടെ

ആലത്തൂർ: ഒമ്പത് വർഷമായി കണിവെള്ളരി കൃഷിയിൽ നേട്ടം കൊയ്ത് സുഹൃത്തുക്കൾ.
ഇപ്രാവശ്യം അമ്പത് സെന്റിൽ നിന്ന് മൂന്ന് ടൺ വെള്ളരിയാണ് തേങ്കുറിശ്ശി മഞ്ഞളൂർ ചിമ്പച്ചാലയിലെ സുഹൃത്തുക്കൾ വിളയിച്ചത്. പാലക്കാട് സ്വകാര്യ സ്ഥാപനത്തിൽ പി.ആർ.ഒയായ മണിയും ആലത്തൂരിൽ കർഷക സൂപ്പർ മാർക്കറ്റ് എന്ന സ്ഥാപനം നടത്തുന്ന അനിലുമാണ് ഈ നേട്ടം കൊയ്ത കർഷകർ. മൂന്ന് ടൺ കണിവെള്ളരിയാണ് ഈ ആഴ്ച വിളവെടുത്തത്. ഒരുമാസം മുമ്പ് പച്ചവെള്ളരി വിളവെടുത്തിനു പുറമേയാണിത്. നിലം ഒരുക്കി ജനുവരി പാതിയോടെ വെള്ളരി വിത്തിട്ടു. മുൻ വർഷങ്ങളിലെ കൃഷിയിൽ നിന്ന് ഉൽപാദിപ്പിച്ച് സൂക്ഷിച്ച വിത്താണ് ഉപയോഗിച്ചത്. ആട്ടിൻ കാഷ്ടമായിരുന്നു പ്രധാന വളം. ഫാക്ടംഫോസും പൊട്ടാളും ചെറിയ അളവിൽ മാത്രം പ്രയോഗിച്ചു. രാസവളം കൂടിയാൽ വെള്ളരിക്ക് കൂടുതൽ വലുപ്പം വെയ്ക്കും. കണിവെള്ളരിയായി വിൽക്കാനാകില്ല.
ഒന്നര മാസം മുമ്പ് ആദ്യം കായ്ച വെള്ളരി പച്ചയായി പറിച്ചുവിറ്റു. കണിവെള്ളരി മൂത്ത് പഴുത്ത് നല്ല നിറം ഉള്ളതായിരിക്കണം. അതിനായി ആദ്യം കായ്ച്ച വെള്ളരി പറിച്ചുമാറ്റിയ ശേഷം വിഷുവിന് ഒരാഴ്ച മുമ്പ് പാകം ആകും വിധം പരിചരിക്കണം. ഒരു കിലോയിൽ കുറവ് തൂക്കമേ ആകാവൂ.പതിവ് കച്ചവടക്കാർക്കാണ് കണിവെള്ളരി നൽകിയത്.കിലോഗ്രാമിന് 25 രൂപവെച്ച് വില കിട്ടിയെങ്കിലും കഴിഞ്ഞ വർഷങ്ങളിലെ വിളവ് കിട്ടിയില്ലെന്നാണ് യുവകർഷകർ പറയുന്നത്. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ചൂട് കൂടിയത് വിളവിനെ ബാധിച്ചിട്ടുണ്ട്. കൂടാതെ മുയൽ, മയിൽ എന്നീ വന്യമൃഗങ്ങളുടെ ശല്യവും വിളവ് കുറയാൻ കാരണമായതായി സുഹൃത്തുക്കളായ യുവ കർഷകർ പറഞ്ഞു. മുമ്പ് അമ്പത് സെന്റിൽ അഞ്ചര ടൺ കണിവെള്ളരി ലഭിച്ചിരുന്നു. ഇക്കുറി വിളവിൽ രണ്ടര ടണ്ണിന്റെ കുറവുണ്ട്. പൊതു വിപണിയിൽ കിലോയ്ക്ക് 40 രൂപ മുതൽ 50 രൂപ വരെയാണ് കണിവെള്ളരിയ്ക്ക് വിലയീടാക്കുന്നത്.