palakuzhi
മലയോര കുടിയേറ്റമേഖലയായ പാലക്കുഴി വരണ്ടു തുടങ്ങിയപ്പോൾ.

വടക്കഞ്ചേരി: ചൂടുകൂടി ജലക്ഷാമവും രൂക്ഷമായതോടെ മലയോര കുടിയേറ്റമേഖലയായ പാലക്കുഴിയുടെ ഹരിതാഭമായ മനോഹാരിതയ്ക്കു മങ്ങലേൽക്കുന്നു. വേനലിന്റെ ഏതു ഘട്ടത്തിലും സമശീതോഷ്ണകാലാവസ്ഥ നിലനിന്നിരുന്ന പാലക്കുഴിയിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി വേനലിൽ കുടിവെള്ളം കിട്ടാനില്ലാത്ത സ്ഥിതിയാണ്.

ഉയർന്ന മലമ്പ്രദേശങ്ങളിലാണ് ജലക്ഷാമം കൂടുതൽ. വേനൽമഴ ഇല്ലാതെ തുടരുന്ന കനത്ത ചൂട് പാലക്കുഴിയുടെ ഹരിതാഭസൗന്ദര്യത്തിന് മങ്ങലേൽപ്പിക്കുകയാണ്. പച്ചപ്പിന്റെ ഇടതൂർന്ന കുരുമുളകുതോട്ടങ്ങളും റബറും കാപ്പിയും ജാതിയും തെങ്ങുമൊക്കെയായി കാർഷിക വിളകളാൽ സമൃദ്ധമാണിവിടം. എന്നാൽ പഴയകാല കാർഷിക പ്രതാപം കാലാവസ്ഥയിലെ വ്യതിയാനങ്ങൾമൂലം നഷ്ടപ്പെടുമെന്ന ഭയമുണ്ട് കർഷകർക്ക്. ചൂടിൽ വിളകൾ വാടിത്തളരുമ്പോൾ ഒപ്പം കർഷകരുടെ പ്രതീക്ഷകളുമാണ് തകരുന്നത്.

ഇത്തവണ തടയണയിൽ ജലസംഭരണം നടത്തിയില്ല

ജലസ്രോതസുകളിലെല്ലാം ജലനിരപ്പ് താഴ്ന്ന് വെള്ളത്തിനും വില നൽകേണ്ട സ്ഥിതിയാണ്. തിണ്ടിലം ജലവൈദ്യുത പദ്ധതിക്കായി അഞ്ചുമുക്കിൽ നിർമ്മിച്ചിട്ടുള്ള തടയണയിൽ ജലസംഭരണത്തിനു നടപടിയുണ്ടായാൽ കുറെ പ്രദേശത്തെങ്കിലും ജലക്ഷാമത്തിനു പരിഹാരമാകും.

വർഷത്തിൽ എട്ടു മാസവും വെള്ളം ഒഴുകുന്ന തോടിനു കുറുകെയാണ് തടയണ നിർമ്മിച്ചിട്ടുള്ളത്. ഈ വർഷവും തടയണയിൽ ജലസംഭരണം നടത്തിയില്ല. ഇതിനാൽ വെള്ളമില്ലാതെ താഴെ കൊന്നക്കൽകടവിൽ പവർഹൗസ് നിർമാണവും വെള്ളമില്ലാതെ തടസപ്പെടുന്ന സ്ഥിതിയുണ്ടായി.