waste
മുതലമട പഞ്ചായത്തിൽ തൃശ്ശൂർ-പൊള്ളാച്ചി പ്രധാനപാതയോരത്ത് കാമ്പ്രത്ത് ചള്ള കറുവക്കോട്ടിൽ മാലിന്യംതള്ളിയ നിലയിൽ

മുതലമട: പഞ്ചായത്തിൽ തൃശ്ശൂർ-പൊള്ളാച്ചി പ്രധാന റോഡരികിൽ കാമ്പ്രത്ത് ചള്ള കറുവക്കോട്ടിൽ മാലിന്യം തള്ളൽ പതിവായി. രാത്രിയാണ് മാലിന്യം തള്ളൽ കൂടുതലും. പ്ലാസ്റ്റിക്, ബാർബർ ഷോപ്പ് മുടി മാലിന്യം, അഴുകിയ പച്ചക്കറികൾ, അറവു മാലിന്യം തുടങ്ങിയ ജൈവ അജൈവ മാലിന്യങ്ങലുടെ കൂമ്പാരമാണിവിടം. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം മൂക്കുപൊത്തിയാണ് കാൽനടയാത്രക്കാരും മറ്റും ഇതുവശി പോകുന്നത്. വിജനമായ പ്രദേശമായതിനാൽ ടൂറിസ്റ്റ് വാഹനങ്ങളും ചരക്ക് ലോറികളുമൊക്കെ ഇവിടെ നിർത്തി ഭക്ഷണ വേസ്റ്റുകളും മാലിന്യങ്ങളും നിക്ഷേപിക്കാറുണ്ട്. യാത്രക്കാർ ഈ പ്രദേശത്ത് മലമൂത്ര വിസർജനം നടത്താറുണ്ടെന്നും നാട്ടുകാർ പറയുന്നു.

 എങ്ങുമെത്താതെ ശുചിമുറി നിർമ്മാണം

കാമ്പ്രത്ത് ചള്ള ജംഗ്ഷന് സമീപത്തായി 'ടേക്ക് എ ബ്രേക്ക്" വഴിയിടം പദ്ധതി പ്രകാരം 46 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി നിർമ്മിക്കാൻ പഞ്ചായത്ത് തീരുമാനിച്ചെങ്കിലും പണി ആരംഭിച്ചിട്ടില്ല. ഇവിടെ മാലിന്യ നിക്ഷേപിക്കാൻ മിനി എം.സി സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഇവ കൃത്യമായി പരിപാലിക്കാത്തതും റോഡരികിലെ മാലിന്യ നിക്ഷേപം പെരുകാൻ കാരണമായിട്ടുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുതലമട പഞ്ചായത്തിലെ പ്രധാന ടൗൺ ആയ കാമ്പ്രത്ത് ചള്ളയിൽ മാലിന്യനിർമാർജനത്തിന് ശാസ്ത്രീയ രീതികൾ അവലംബിക്കണമെന്നും റോഡരികിൽ മാലിന്യം പെരുകുന്നത് തടയാൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

മാലിന്യം തള്ളൽ തടയാൻ അധികൃതർ ഇടപെട്ട് ശാശ്വത പരിഹാരം ഉണ്ടാക്കണം. ഇവിടെ 24 മണിക്കൂറും പ്രവർത്തിക്കുന്ന സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണം. മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണം.
എസ്.നിതിൻഘോഷ്,​

സ്രാമ്പിച്ചള്ള.