coconut
കൊടും ചൂടിൽ കരിഞ്ഞു തുടങ്ങിയ നല്ലേപിള്ളി ഭാഗത്തെ തെങ്ങുകൾ.

ചിറ്റൂർ: നീണ്ട നാളായി പാലക്കാട് ജില്ലയിലും പ്രത്യേകിച്ച് കിഴക്കൻ മേഖലയിലും അനുഭവപ്പെടുന്ന കൊടും ചൂടിൽ തെങ്ങുകൾ കൂട്ടത്തോടെ കരിഞ്ഞു തുടങ്ങി. മാസങ്ങളായി മഴയില്ലാത്തതും കനാൽ വെള്ളത്തിന്റെ ലഭ്യതക്കുറവും തെങ്ങുകളെ കാര്യമായി ബാധിച്ചു. തെങ്ങ് നനയ്ക്കാൻ കുഴൽ കിണർ സൗകര്യമുളള തോട്ടങ്ങൾ കുറച്ചു നാൾ പിടിച്ചു നിന്നെങ്കിലും കഠിനമായ ചൂടിൽ കുഴൽ കിണറുകളിലെ വെള്ളവും ഏറെ താഴുകയോ,​ തീരെ ഇല്ലാതാകുകയൊ ചെയ്തിട്ടുണ്ട്. ഇതും തെങ്ങുകൃഷികളെ വരൾച്ചയിലേക്ക് നയിച്ചു.

തോട്ടങ്ങൾക്കും പറമ്പുകൾക്കും പുറമെ നെൽപ്പാടത്തെ വരമ്പുകളിലും കർഷകർ ആയിരക്കണക്കിനു തെങ്ങുകൾ വളർത്തുന്നുണ്ട്. കൊടും ചൂടിൽ ഇവയിൽ പലതിലെയും ഓലകൾ മുഴുവൻ ഉണങ്ങി കൂമ്പു വരെ കൊഴിഞ്ഞു വീണ്തുടങ്ങിയിട്ടുണ്ട്. നല്ല കായ്ഫലം നൽകുന്ന തെങ്ങുകളാണ് ഇവയെല്ലാം. മാസങ്ങളായി മഴയും കനാൽ വെള്ളവും നിലച്ചതോടെ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ഈർപ്പം ഇല്ലാതായി. ഇതോടെ വരമ്പുകളിലെ തെങ്ങുകളും ഉണങ്ങി തുടങ്ങുകയായിരുന്നു. നാളികേരമായിട്ടും ഇളനീരായിട്ടും കർഷകനു ലഭിച്ചവരുമാനവും നഷ്ടമായി. സമയത്തിനുവെള്ളം ലഭിക്കാതെ നശിച്ച നെൽകൃഷി നൽകിയ നഷ്ടത്തിനു പിന്നാലെ ഈ നഷ്ടവും പല കർഷകർക്കും കൂനിൻമേൽ കുരുവായി. തെങ്ങുകളുടെ വളർച്ചയും മുരടിക്കാനും ഇതിടയാക്കുമെന്ന് കർഷകർ പറഞ്ഞു.