ചിറ്റൂർ: ചിറ്റൂർപ്പുഴയിലെ കുന്നങ്കാട്ടുപതി തടയണയിൽ ജലനിരപ്പു വൻതോതിൽ താഴ്ന്നതോടെ പ്രതിസന്ധി പരിഹരിക്കാൻ മൂലത്തറ റഗുലേറ്ററിൽ നിന്ന് അടിയന്തരമായി വെള്ളം തുറന്നു. വെള്ളം കുറഞ്ഞതോടെ പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടി വരുമെന്ന് ജല അതോറിറ്റി അറിയിച്ചതോടെയാണു ജലസേചന വിഭാഗം ചിറ്റൂർപ്പുഴ വഴി കുന്നങ്കാട്ടുപതിയിലേക്കു 10 സെന്റിമീറ്റർ വെള്ളം തുറന്നത്. ഇപ്പോഴും കുന്നങ്കാട്ടുപതി തടയണയിൽ വേണ്ടത്ര വെള്ളം ശേഖരിക്കാനായിട്ടില്ല. കുന്നങ്കാട്ടുപതി തടയണ നിറഞ്ഞൊഴുകിയാൽ മാത്രമേ താഴെ ചിറ്റൂർപ്പുഴയിലും ഭാരതപ്പുഴയിലും ഉള്ള പമ്പിംഗ് സ്രോതസുകളിലേക്കും തടയണകളിലേക്കും വെള്ളം എത്തൂ. നിലവിൽ ആളിയാറിൽ നിന്നു ലഭിക്കുന്ന ജലം ഉപയോഗിച്ച് വലതുകര കനാലിലെ തടയണകൾ നിറച്ചുകൊണ്ടിരിക്കുകയാണ്.

14 തടയണകൾ നിറച്ചു. ഇനി 2 തടയണകൾ കൂടി നിറയ്ക്കാനുണ്ട്. ഇതുകൂടി നിറച്ച ശേഷം തുടർന്നു ലഭിക്കുന്ന വെള്ളം ചിറ്റൂർപ്പുഴ വഴി താഴേക്ക് ഒഴുക്കാമെന്നാണു ജലസേചന വിഭാഗത്തിന്റെ അറിയിപ്പ്. അതുവരെ താഴെയുള്ള ശുദ്ധജല പദ്ധതികൾ പ്രവർത്തിപ്പിക്കാനാകുമോ എന്ന ആശങ്ക ജല അതോറിറ്റി ഉന്നയിച്ചിട്ടുണ്ട്. ആളിയാറിൽ നിന്നു സെക്കൻഡിൽ 100 ഘനയടിക്കടുത്തു ജലം ചിറ്റൂർപ്പുഴയിലേക്കു ലഭിക്കുന്നുണ്ട്. മാർച്ച് 30നകം വലതുകര കനാലിലെ തടയണകൾ നിറയ്ക്കാനാണു ലക്ഷ്യമിട്ടിരുന്നതെങ്കിലും ജലമൊഴുക്കു കുറവായതിനാൽ സാധിച്ചില്ല. വലതുകര കനാലിലെ തടയണകൾ ഉടൻ നിറയ്ക്കുകയും ഒപ്പം ചിറ്റൂർപ്പുഴയിലേക്കുള്ള ജലമൊഴുക്കു വർധിപ്പിക്കുകയും ചെയ്തില്ലെങ്കിൽ ശുദ്ധജല വിതരണം പ്രതിസന്ധിയിലാകും.