
വടക്കഞ്ചേരി: കുതിരാൻ ഇരട്ടത്തുരങ്കങ്ങളിൽ പാലക്കാട്ടു നിന്നു തൃശൂർ ഭാഗത്തേക്കുള്ള തുരങ്കത്തിന്റെ ബലപ്പെടുത്തൽ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കും. ജൂണിൽ തുരങ്കം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്നു ദേശീയപാത അതോറിറ്റി അറിയിച്ചു.
തുരങ്കത്തിന്റെ മുകൾഭാഗത്ത് ഇരുമ്പ് ആർച്ചുകൾ സ്ഥാപിച്ചു വെൽഡ് ചെയ്തു കോൺക്രീറ്റിംഗ് നടത്തുന്ന ജോലികളാണ് തുടരുന്നത്. ജനുവരിയിൽ ആരംഭിച്ച
പണികളിൽ പകുതി പൂർത്തിയായതായി നിർമ്മാണ കമ്പനി അധികൃതർ പറഞ്ഞു. തുരങ്കത്തിന്റെ 962 മീറ്റർ ദൂര ത്തിൽ പകുതി ഭാഗത്തെ നിർമ്മാണം മുൻപു പൂർത്തിയാക്കിയിട്ടുണ്ട്. ബാക്കി 400 മീറ്ററിലെ നിർമ്മാണമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ദിവസം പരമാവധി 9 മീറ്റർ പണികളാണ് പൂർത്തിയാക്കുന്നത്. തൃശൂരിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന ഭാഗത്തെ തുരങ്കം വഴി മാത്രമാണു നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്. ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. കഴിഞ്ഞ കാലവർഷത്തിൽ തുരങ്കമുഖത്തു വഴുക്കും പാറ പാലത്തിന്റെ സംരക്ഷണ ഭിത്തി ഇടിഞ്ഞതിനെ തുടർന്ന് ഒരു വശത്തേക്കുള്ള പാത ജൂലായ് മുതൽ 7മാസം അടച്ചിട്ടിരുന്നു.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിരക്ക് വർദ്ധന നിലവിൽ വരും
ഇതിനിടെ വർദ്ധിപ്പിച്ച ടോൾ നിരക്ക് പിരിച്ചു തുടങ്ങാനും നീക്കമുണ്ട്. ഏപ്രിൽ ഒന്നുമുതൽ നിരക്ക് വർദ്ധന നിലവിൽ വന്നെങ്കിലും ഇതു നടപ്പിലാക്കേണ്ടെന്നു ദേശീയപാത അതോറിറ്റി അറിയിപ്പു നൽകിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിരക്കു വർദ്ധന നിലവിൽ വരുമെന്നാണു നിർമ്മാണ കമ്പനി തന്നെ പറയുന്നത്.
ജൂൺ ഒന്നു മുതൽ സ്‌കൂൾ വാഹനങ്ങൾ ടോൾ നൽകണം
ജൂൺ ഒന്നു മുതൽ സ്‌കൂൾ വാഹനങ്ങൾക്കും ടോൾ നൽകണം. സ്‌കൂൾ വാഹനങ്ങൾക്കുള്ള സൗജന്യം പിൻവലിക്കുന്നതായി ചൂണ്ടിക്കാട്ടി മാർച്ച് ആദ്യവാരം സ്‌കൂളുകൾക്ക് കമ്പനി കത്ത് നൽകിയിരുന്നു. എന്നാൽ പ്രതിഷേധം ശക്തമായതോടെ അടുത്ത അദ്ധ്യയന വർഷം മുതൽ ടോൾ നൽകിയാൽ മതിയെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.