chalidal
കാർഷിക സമൃദ്ധിക്കായി വിഷു നാളിൽ നടത്തിയ നെൽ പാടത്തു നടത്തിയ ചാലിടൽ.

അയിലൂർ: നെല്ലറയുടെ മണ്ണിൽ നൂറുമേനി വിളവുനേടാൻ വിഷുദിനത്തിൽ ഭൂമിപൂജ. കർഷകനും തൊഴിലാളികളും ഒത്തുചേരുന്ന പരമ്പരാഗത കൃഷി ആചാരമായ വിഷുദിനത്തിലെ 'ചാലിടൽ" ഇന്നും പാലക്കാടൻ പാടങ്ങളിലുണ്ട്. ഇതുവരെ ലഭിച്ച വിളവിന് നന്ദി പറഞ്ഞും ഇനിയുള്ള കൃഷി യാതൊരു തടസവും കൂടാതെ നൂറുമേനി ലഭിക്കണമെന്നും പ്രാർത്ഥിച്ചാണ് ചാലിടൽ. കരിമ്പാറ ചെട്ടികുളമ്പ് കളം സേതുമാധവന്റെ വീട്ടിലും കൃഷിയിടത്തിലുമായാണ് ചടങ്ങ് നടന്നത്. കരുതിവെച്ച വിത്തിന്റെ ഗുണമേന്മ പരിശോധന കൂടിയാണ് ചാലിടൽ. 100 വിത്തിൽ എത്ര എണ്ണം മുളച്ചു എന്ന് തിട്ടപ്പെടുത്തിയാൽ ഒരുപറയ്ക്ക് എത്ര അളവിൽ വിത്തിറക്കണമെന്ന് കർഷകർ കണക്കാക്കും. പൂർവികരുടെ ആചാരത്തിന്റെ പൊരുൾ വരുംതലമുറക്ക് മനസ്സിലാക്കി കൊടുക്കുക എന്ന ദൗത്യവും ഇത്തരം അനുഷ്ഠാനങ്ങളിൽ അടങ്ങിയിരിക്കുന്നു.

കാഞ്ഞിരത്തിന്റെ ഇല കൊണ്ട് ഉണ്ടാക്കിയ കുമ്പിളിൽ വിത്ത് നിറച്ച് പുതിയ വട്ടിയിലേക്ക് ഇടുന്നതോടെ വിത്തളക്കൽ തുടങ്ങുന്നു. വട്ടിയിലാക്കിയ വിത്തും ആയുധങ്ങളുമായി കർഷകരും തൊഴിലാളികളും പാത്തേക്ക് വരുന്നതാണ് കൃഷി പുറപ്പാട്. പാടത്തിന്റെ വലത്തേ മൂലയിലാണ് ചാലിടൽ ചടങ്ങ്. മണ്ണിളക്കി നിലവിളക്ക് കത്തിച്ച് ഭൂമി പൂജ നടത്തുകയാണ് ആദ്യപടി. പിന്നീട് കുമ്പിളുകളിൽ നിറച്ചിരിക്കുന്ന വിത്തുകൾ എല്ലാവരും മണ്ണിൽ വിതറുന്നു. വിത്തിറക്കൽ ഉൽസവത്തിന് വെടിക്കെട്ടും പതിവാണ്. പചാലിടൽ കർമ്മത്തിന് ശേഷം കുടുംബ കാരണവർ കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും മറ്റും കൈനീട്ടം നൽകും.