double-decker


കൊല്ലങ്കോട്: തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വൻ യാത്രാക്ലേശം നേരിടുന്നതിനിടെ മലയാളികളുടെ പ്രതീക്ഷകൾ വാനോളമുയർത്തി ഡബിൾ ഡെക്കർ ട്രെയിൻ കോയമ്പത്തൂർ-പൊള്ളാച്ചി-പാലക്കാട് റൂട്ടിൽ പരീക്ഷണയോട്ടം നടത്തി. നിലവിൽ ബെംഗളൂരു(കെഎസ്ആർ)-കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തുന്ന ഉദയ് ഡബിൾ ഡെക്കർ എക്സ്‌പ്രസ് പൊള്ളാച്ചി വഴി പാലക്കാട് വരെ ദീർഘിപ്പിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷണയോട്ടമാണ് നടത്തിയത്. ഇന്നലത്തെ ട്രയൽ റൺ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഡബിൾ ഡെക്കർ ട്രെയിൻ കോയമ്പത്തൂർ മുതൽ പാലക്കാട് വരെ 90 കിലോമീറ്റർ സർവീസ് ദീർഘിപ്പിക്കുന്നതു സംബന്ധിച്ച് റെയിൽവേ ഉത്തരവ് പുറപ്പെടുവിക്കൂ. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുന്നതിനാൽ ഇതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് വൈകിയേക്കാം. എങ്കിലും വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി യാത്രക്കാർ. പാലക്കാട്-പൊള്ളാച്ചി റൂട്ടിലെ യാത്രക്കാർക്കു പുറമേ ബെംഗളൂരു, സേലം എന്നിവിടങ്ങളിൽ നിന്നുള്ള ആയിരക്കണക്കിനു മലയാളികൾക്കും ഇതു ഗുണകരമാകും.

ഇന്നലെ രാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്നാരംഭിച്ച പരീക്ഷണയോട്ടം കിണത്ത് കടവ്, പൊള്ളാച്ചി ജംഗ്ഷൻ, ആനമല, മീനാക്ഷിപുരം, മുതലമട, കൊല്ലങ്കോട്, വടകന്നികാപുരം ,പുതുനഗരം, പാലക്കാട് ടൗൺ വഴി 11 മണിക്കാണ് പാലക്കാട് ജംഗ്ഷനിലെത്തിയത്. റെയിൽവേ സേലം, പാലക്കാട് ഡിവിഷൻ ഉദ്യോഗസ്ഥർ, മെക്കാനിക്ക് വിഭാഗം, സിഗ്നൽ വിഭാഗം, ആർ.പി.എഫ് വിഭാഗവും സർവീസ് വിലയിരുത്തി. രണ്ട് കംപാർട്ട്‌മെന്റ് ഡബിൾ ഡെക്കർ കോച്ചും രണ്ട് സാധാരണ കംപാർട്ട്‌മെന്റുമാണ് ട്രെയിനിൽ ഉണ്ടായിരുന്നത്. പാതയും സ്റ്റേഷനും ഡബിൾ ഡെക്കർ ട്രെയിനിന് അനുയോജ്യമാണോ, കംപാർട്ട്‌മെന്റുകൾ സുഗമമായി കടന്നു പോകുന്നുണ്ടോ തുടങ്ങിയവയാണ് പരിശോധിച്ചത്. പാലക്കാട് ജംഗ്ർഷനിലെ അഞ്ച് ലൈൻ ട്രാക്കുകളിലും പരീക്ഷണ ഓട്ടം നടത്തിയ ശേഷം ട്രെയിൻ ഉച്ചയ്ക്ക് 01.55ന് കൊല്ലങ്കോട്, പൊള്ളാച്ചി കോയമ്പത്തൂരിലേക്ക് മടക്കയാത്ര നടത്തി. കേരളത്തിലൂടെ ആദ്യമായി സർവീസ് നടത്തിയ ഇരുനിലകളുള്ള ട്രെയിൻ കാണാൻ കൗതുകത്തോടെയാണ് കുട്ടികളും മുതിർന്നവരും ഉൾപ്പെടെയുള്ളവർ എത്തിയത്.