വടക്കഞ്ചേരി: ഒഴുകിയെത്തിയ ജനക്കൂട്ടത്തിന്റെ ആവേശത്തിൽ വടക്കഞ്ചേരിയിൽ തിങ്ങി നിറഞ്ഞ പുരുഷാരത്തെ സാക്ഷിയാക്കി നാഗസഹായം, ഗണപതിസഹായം വേല ആഘോഷിച്ചു. ഇരുക്ഷേത്രങ്ങളിലും പുലർച്ചെ പ്രത്യേകപൂജകൾ നടന്നതോടെയാണ് വേല ചടങ്ങുകൾ തുടങ്ങിയത്. അയിലൂർ അനന്തനാരായണവർമ നേതൃത്വത്തിൽ പഞ്ചവാദ്യത്തിന് തുടക്കമിട്ടതോടെ നാഗസഹായം പകൽവേല എഴുതിയ ആരംഭിച്ചു. പാമ്പാടി രാജൻ തിടമ്പേറ്റി. ചോറ്റാനിക്കര സുഭാഷ് നാരായണമാരാരുടെ നേതൃത്വത്തിൽ ആരംഭിച്ച പഞ്ചവാദത്തിന് അകമ്പടിയോടെ ഗണപതി സഹായം പകൽ വേല എഴുന്നള്ളത്ത് ആരംഭിച്ചു. ഗുരുവായൂർ നന്ദൻ തിടമ്പേറ്റി. എഴുന്നള്ളത്തോൾ വടക്കഞ്ചേരി കവലയിൽ എത്തിയതോടെ ഇരു വിഭാഗങ്ങളും നേർക്കു നേർ അണിനിരന്നു. തുടർന്ന് വേലപ്രേമികളെ ആവേശത്തിലാക്കി കുടമാറ്റവും നടന്നു. രാത്രി ഇരു ദേശത്തും വെടിക്കെട്ടും ഉണ്ടായി. നാഗസഹായം ക്ഷേത്രത്തിൽ രാത്രി 11ന് ഇരട്ടത്തായമ്പയൂം ഗണപതിസഹായം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബസ് സ്റ്റാൻഡ് മൈതാനിയിൽ ഗാനമേളയും നടന്നു.