dam

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ ഇടതുകര കനാലിലൂടെയുള്ള ജലവിതരണവും നിർത്തി. ദിവസങ്ങൾക്കു മുൻപു വലതുകര കനാലിലൂടെയുള്ള വിതരണം നിർത്തിയിരുന്നു. ഇനി അണക്കെട്ടിൽ ശുദ്ധജല വിതരണത്തിനുള്ള വെള്ളം

മാത്രമേയുള്ളൂ. വേനൽ ഇനിയും കനത്താൽ ജലക്ഷാമം അണക്കെട്ടിനെയും പ്രതികൂലമായി ബാധിക്കും.

ശുദ്ധജല വിതരണത്തിനായി 9 ദശലക്ഷം ഘനമീറ്റർ വെള്ളം ആവശ്യമുണ്ട്. എങ്കിലും 10 ദശലക്ഷം ഘനമീറ്റർ വെള്ളം സംഭരിച്ചു നിർത്തും. ചെളിയും മറ്റും അടിഞ്ഞിട്ടുണ്ടാകുമെന്നതിനാലാണു 10 ദശലക്ഷം ഘനമീറ്ററായി ഉയർത്തുന്നത്. കാഞ്ഞിരപ്പുഴ, കാരാകുറുശ്ശി, തച്ചമ്പാറ പഞ്ചായത്തുകളിലെ പതിനായിരക്കണക്കിനു കുടുംബങ്ങൾ അണക്കെട്ടിലെ വെള്ളമാണു ആശ്രയിക്കുന്നത്. അണക്കെട്ടിൽ വെള്ളം കുറഞ്ഞതോടെ 9.36 കിലോ മീറ്റർ വരുന്ന തെങ്കര വലതുകര കനാലിലൂടെയുള്ള ജലവിതരണം ദിവസങ്ങൾക്കു മുൻപേ നിർത്തി.

ജലനിരപ്പ് കുറഞ്ഞു

നിലവിൽ 97.50 മീറ്റർ സംഭരണശേഷിയുള്ള അണക്കെട്ടിൽ ഇന്നലെ 83.40 മീറ്ററാണു ജലനിരപ്പ്. സാധാരണ ജലനിരപ്പ് 84 മീറ്റർ വന്നാൽ ഇടതുകര കനാലിലൂടെയുള്ള വെള്ളം വിതരണം നിർത്തും. കഴിഞ്ഞ ദിവസം 84 മീറ്ററിനും താഴെ വന്നതോടെയാണ് 61.71 കിലോമീറ്റർ വരുന്ന ഇടതുകര കനാലിലൂടെയുള്ള ജലവിതരണം നിർത്തിയത്.

കൃഷിക്ക് വെള്ളം ലഭിക്കാതെ വരും
കനാൽ വെള്ളം നിർത്തിയതോടെ ഒറ്റപ്പാലം താലൂക്കിലെ കടമ്പഴിപ്പുറം, ശ്രീകൃഷ്ണപുരം, വെള്ളിനേഴി, പൂക്കോട്ടുകാവ്, തൃക്കടീരി, അനങ്ങനടി, ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, ചളവറ, നെല്ലായ പഞ്ചായത്തുകളും പാലക്കാട് താലൂക്കിലെ കോങ്ങാട്, കേരളശ്ശേരി, മണ്ണൂർ പഞ്ചായത്തുകളും പട്ടാമ്പി താലൂക്കിലെ വല്ലപ്പുഴ പഞ്ചായത്തും ഉൾപ്പെടുന്ന പ്രദേശത്തെ ആയിരക്കണക്കിനു ഹെക്ടർ സ്ഥലത്തെ കൃഷിക്കു വെള്ളം ലഭിക്കാതെ വരും. കൂടാതെ ശുദ്ധജലക്ഷാമവും രൂക്ഷമാകും.