vadakkanjeri

വടക്കഞ്ചേരി: വടക്കഞ്ചേരി -മണ്ണുത്തി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മേൽപ്പാലം അറ്റകുറ്റപ്പണിക്കായി അടച്ചതിനെ തുടർന്നുണ്ടായ ഗതാഗതക്കുരുക്ക് പരിഹരിച്ചു. തൃശൂർ ദിശയിലേക്കുള്ള മേൽപ്പാലത്തിൽ ഇരുദിശയിലേക്കും ഗതാഗതം ക്രമീകരിച്ചാണ് ഗതാഗതക്കുരുക്കൊഴിവാക്കിയത്. തിങ്കളാഴ്ചയാണ് പാലക്കാട് ദിശയിലേക്കുള്ള പാലത്തിലെ ജോയിന്റുകളുടെ തകരാർ പരിഹരിക്കുന്നതിനായി അടച്ചത്.

ഈ സമയത്ത് വടക്കഞ്ചേരി സർവീസ് റോഡ് വഴിയാണ് ദേശീയപാതയിലൂടെയുള്ള വാഹനങ്ങൾ തിരിച്ചുവിട്ടത്. ഇത് രൂക്ഷമായ ഗതാഗതക്കുരുക്കിന് ഇടയാക്കിയതിനെത്തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം ശക്തമായി. തൃശൂർ ദിശയിലേക്കുള്ള മേൽപ്പാലത്തിലൂടെ ഇരുദിശയിലേക്കും ഗാതഗതം ക്രമീകരിക്കണമെന്ന് വടക്കഞ്ചേരി പൊലീസും കരാർ കമ്പനി അധികൃതർക്ക് കർശന നിർദേശം നൽകി.

തുടർന്ന് ഇന്നലെ രണ്ടിടങ്ങളിൽ ഡിവൈഡറുകൾ പൊളിച്ച് വാഹനങ്ങൾ തൃശൂർ ദിശയിലേക്കുള്ള പാലംവഴി തിരിച്ചുവിടുകയായിരുന്നു. തൃശൂർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ മേൽപ്പാലം തുടങ്ങുന്നതിനുമുമ്പ് ഡിവൈഡർ പൊളിച്ച ഭാഗത്തുകൂടി കടന്ന് തൃശൂർ ദിശയിലേക്കുള്ള മേൽപ്പാലത്തിൽ പ്രവേശിക്കണം.

അല്പദൂരം മുന്നോട്ടുപോയശേഷം വീണ്ടും ഡിവൈഡർ പൊളിച്ചഭാഗത്തുകൂടി കടന്ന് പാലക്കാട് ദിശയിലേക്കുള്ള പാലത്തിൽ പ്രവേശിക്കണം. തൃശൂരിൽ നിന്ന് വടക്കഞ്ചേരിയിലേക്കു വരുന്ന വാഹനങ്ങൾ സാധാരണപോലെ മേൽപ്പാലം തുടങ്ങുന്നതിനുമുമ്പുള്ള സർവീസ്‌റോഡ് വഴി തിരിഞ്ഞുപോകാം.