kulam

ചിറ്റൂർ: ചൂട് കൂടിയതിനാൽ നല്ലേപ്പിള്ളി പ്രദേശങ്ങളിലെ ജലാശയങ്ങൾ വറ്റിവരളുന്നു. ഇതോടെ പ്രദേശത്ത് ജലക്ഷാമം രൂക്ഷമായി. എക്കാലത്തും വെള്ളവും പച്ചപ്പും നിലനിന്നിരുന്ന പ്രദേശങ്ങൾ കൂടി ഒരു തുള്ളി വെള്ളം പോലും അവശേഷിക്കാതെ വറ്റിവരണ്ടു നിലം വീണ്ടുകീറിയ നിലയിലാണ്. കൃഷിക്കും സാധാരണക്കാർക്ക് കുളിക്കാനും തുണി അലക്കാനും ആശ്രയിച്ചു വന്നിരുന്ന നൂറുകണക്കിനു കുളങ്ങളാണ് ഈ വേനലിൽ വറ്റിവരണ്ടത്. കന്നുകാലികളെ കുളിപ്പിക്കാൻ പോലും വെള്ളം ഇല്ലാതെ ക്ഷീരകർഷകർ പ്രതിസന്ധിയിലാണ്.

രൂക്ഷമായ വരൾച്ചക്കെടുതി പരിഹരിക്കാൻ താല്കാലികമായിട്ടെങ്കിലും ഓരോ കനാൽ പ്രദേശത്ത് വെള്ളം എത്തിക്കണമെന്ന ആവശ്യം ശക്തമാണ്. അല്ലെങ്കിൽ കറവ പശുക്കളെയും മറ്റു കന്നുകാലികളേയും വെള്ളക്ഷാമം ഏറെ ബാധിക്കുമെന്നാണ് കർഷകർ പറയുന്നത്.

കൃഷികൾ ഉണങ്ങി നശിച്ചു

കുളത്തിൽ സംഭരിച്ചു നിറുത്തുന്ന വെള്ളത്തെ ആശ്രയിച്ചുള്ള തെങ്ങ്, കവുങ്ങ്, വാഴ കൃഷികൾ ഉണങ്ങി നശിച്ചു. തെങ്ങിൽ പുതിയ പൂക്കുലകൾ ഇല്ല. മച്ചിങ്ങകൾ കൊഴിഞ്ഞു വീഴുന്നു. മാവ്, പ്ലാവ് തുടങ്ങിയ വൃക്ഷ വിളകളേയും ഉണക്കം ബാധിച്ചു. കനാൽ വെള്ളത്തിന്റ കുറവും കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ
മഴ കുറവും കടുത്ത ചൂടും കൃഷിയെ സാരമായി ബാധിച്ചു.