
പാലക്കാട്: ജനാധിപത്യത്തിന്റെ ഉത്സവം 'തിരഞ്ഞെടുപ്പ്' പടിവാതിക്കലെത്തി. വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലെത്തും. വീറും വാശിയും നിറഞ്ഞ പ്രചാരണത്തിന് ഇന്ന് സമാപനം. നാളെ നിശ്ശബ്ദ പ്രചാരണം മാത്രം. ഇത്തവണ ആവശ്യത്തിലേറെ സമയം പ്രചാരണത്തിന് ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ ചില സ്ഥാനാർത്ഥികൾ പ്രചാരണം ആരംഭിച്ചിരുന്നു. ആദ്യഘട്ടത്തിൽ റോഡ് ഷോയും പിന്നീട് കുടുംബ യോഗങ്ങളും സ്വീകരണങ്ങളും പൊതുയോഗങ്ങളുമെല്ലാമായി സ്ഥാനാർത്ഥികൾ നാലും അഞ്ചും വട്ടം മണ്ഡലങ്ങളിൽ പര്യടനം നടത്തിക്കഴിഞ്ഞു. കടുത്ത ചൂട് അൽപം വെല്ലുവിളിയുയർത്തുന്നുണ്ടെങ്കിലും തളർച്ചയില്ലാതെ തന്നെ സ്ഥാനാർത്ഥികൾ കളം നിറയുന്നുണ്ട്. ഇതുവരെ ഓടിയെത്തിയ ഇടത്തും ഇനിയെത്താനുള്ള ഇടങ്ങളിലും എത്തി വിലപ്പെട്ട ഓരോ വോട്ടും ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ് സ്ഥാനാർത്ഥികളും മുന്നണികളും.
നേതാക്കളെ എത്തിച്ചത് ഗുണമാകുമെന്ന് മുന്നണികൾ
പ്രധാനമന്ത്രി നരേന്ദ്രമോദി, മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി, ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി.നഡ്ഡ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, സുഭാഷിണി അലി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ, എ.ഐ.സി.സി അംഗം സച്ചിൻ പൈലറ്റ്, മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ.അണ്ണാമലൈ ഉൾപ്പെടെ പ്രധാന നേതാക്കളെല്ലാം ജില്ലയിലെത്തി മുന്നണി സ്ഥാനാർത്ഥികൾക്കായി വോട്ടുതേടിയിരുന്നു. ഇതെല്ലാം ഗുണമാകുമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ പാർട്ടികൾ.
പ്രചാരണ സമാപനം ഇന്ന്
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് വൈകിട്ട് 6നു സമാപിക്കും. വോട്ടെടുപ്പു സമാപനത്തിന്റെ 48 മണിക്കൂർ മുമ്പ് പരസ്യ പ്രചാരണം അവസാനിപ്പിക്കണമെന്നാണു ചട്ടം. 26നു രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പു സമയം.