election

പാലക്കാട്: പാലക്കാട് ഇത്തവണയും ശക്തമായ ത്രികോണ മത്സരം, വിജയം പ്രവചനാതീതം. പാലക്കാട് മൂന്ന് മുന്നണികൾക്കും ഒരേപോലെ അഭിമാനപ്രശ്നമാണ്. എൻ.ഡി.എയെയും ബി.ജെ.പി.യെയും സംബന്ധിച്ച് അഖിലേന്ത്യാതലത്തിൽ പ്രത്യേക പരിഗണന നൽകുന്ന 143 മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. കഴിഞ്ഞ മൂന്നുവർഷമായി കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ അടിക്കടിയെത്തി സംഘടനാപ്രവർത്തനം നടത്തിയ മണ്ഡലവും. 2014ൽ 15.09 ശതമാനമായിരുന്ന വോട്ടുവിഹിതം കഴിഞ്ഞതവണ കൃഷ്ണകുമാർ 21.26 ശതമാനമാക്കി ഉയർത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിലുൾപ്പെടെ ബി.ജെ.പി മൂന്നാംസ്ഥാനത്തേക്ക് പോയിരുന്നെങ്കിലും അതിനുശേഷംനടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട്ടും മലമ്പുഴയിലും രണ്ടാംസ്ഥാനത്തെത്താനായത് ബി.ജെ.പി പ്രവർത്തകർക്ക് ആത്മവിശ്വാസം നൽകുന്നുണ്ട്.

രാഹുൽ ഫാക്ടർ വീശിയടിച്ച കാറ്റിൽ വി.കെ.ശ്രീകണ്ഠന്റെ കഴിഞ്ഞതവണത്തെ അട്ടിമറിവിജയം ഒരു ഓളത്തിലുണ്ടായതല്ലെന്ന് വ്യക്തമാക്കാൻ യു.ഡി.എഫിനും കോൺഗ്രസിനും ഇത്തവണ വിജയം ആവർത്തിച്ചേ മതിയാകൂ. 2014ൽ 34.21 ശതമാനം വോട്ടാണ് യു.ഡി.എഫ് നേടിയത്. 2019ൽ അത് 38.83 ശതമാനമായി ഉയർത്തി വി.കെ.ശ്രീകണ്ഠൻ വിജയവും കൈപ്പിടിയിലാക്കി. 11,637 വോട്ടായിരുന്നു ഭൂരിപക്ഷം. ദേശീയ -സംസ്ഥാന രാഷ്ട്രീയ സാഹചര്യങ്ങളിൽ കാര്യമായ മാറ്റംവന്നിട്ടുണ്ടെങ്കിലും നിലവിലെ സംഭവവികാസങ്ങളുൾപ്പെടെ ഗുണകരമാവുമെന്നുതന്നെയാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ കരുതുന്നത്.

യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. അഞ്ച് വർഷം മണ്ഡലത്തിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടിയും കേന്ദ്ര, കേരള സർക്കാറുകളുടെ നയ സമീപനങ്ങൾ തുറന്നു കാട്ടിയുമാണ് യു.ഡി.എഫിന്റെ പ്രചാരണം. രാഹുൽ ഗാന്ധിയെവരെ പ്രചാരണത്തിനിറക്കിയത് മുതൽക്കൂട്ടാകുമെന്നും കുരുതുന്നു.

കാൽച്ചുവട്ടിലെ മണ്ണിന് ഇളക്കമുണ്ടാവില്ലെന്ന് സി.പി.എം കരുതിയ മണ്ഡലങ്ങളിൽ ഉൾപ്പെടുന്നതാണ് പാലക്കാടും ആലത്തൂരും. പക്ഷേ രണ്ടിടത്തും കഴിഞ്ഞതവണത്തെ തിരിച്ചടി സംഘടനയെ ഞെട്ടിച്ചിരുന്നു. പുതിയ ജില്ലാ സെക്രട്ടറി ഇ.എൻ.സുരേഷ് ബാബുവിന്റെ നേതൃത്വത്തിൽ ഇത്തവണ രണ്ടിടത്തും വിജയത്തിൽ കുറഞ്ഞൊന്നും സി.പി.എമ്മും ഇടതുമുന്നണിയും ലക്ഷ്യമിടുന്നില്ല. 2014-ൽ പാലക്കാട് മണ്ഡലത്തിൽ 45.35 ശതമാനം വോട്ട് നേടിയിരുന്ന ഇടതുമുന്നണിക്ക് കഴിഞ്ഞ തവണ 37.7 ശതമാനമായിരുന്നു വോട്ടുവിഹിതം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 96-നുശേഷം ആദ്യമായിട്ടാണ് ഇടതുമുന്നണിക്ക് കഴിഞ്ഞതവണ പാലക്കാട് നഷ്ടപ്പെടുന്നത്.

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇടതു ക്യാമ്പ് പ്രവർത്തനം. പോളിറ്റ് ബ്യൂറോ അംഗമായ എ.വിജയരാഘവനിലൂടെ അത് സാധ്യമാകുമെന്നു തന്നെയാണ് ഇടതു പ്രതീക്ഷ. എണ്ണയിട്ട യന്ത്രം പോലെ ബൂത്ത് തലം മുതൽ സജീവമാണ് ഇടതുക്യാമ്പുകളുടെ പ്രവർത്തനം.

കേന്ദ്രസർക്കാറിന്റെ ഭരണവൈകല്യങ്ങളും കോൺഗ്രസിന്റെ പോരായ്മകളും ചൂണ്ടിക്കാട്ടിയാണ് ഇടത് നേതാക്കൾ പ്രചാരണം കൊഴുപ്പിക്കുന്നത്. ഇതെല്ലാം പാലക്കാട്ടെ പോരാട്ടം ഇത്തവണ പ്രവചനാതീതമാക്കുന്നു.

 ആലത്തൂരിൽ ഇഞ്ചോടിഞ്ച്

സംസ്ഥാനത്ത് എൽ.ഡി.എഫും യു.ഡി.എഫും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ആലത്തൂർ. പരസ്യ പ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ പൊതുപിന്തുണയിലാണ് യു.ഡി.എഫ് പ്രതീക്ഷ. അടിത്തട്ടുകൾ ഭദ്രമാണെന്നാണ് എൽ.ഡി.എഫ് വിലയിരുത്തൽ. ഇടതുമുന്നണിക്ക് ശക്തമായ വേരോട്ടമുള്ള മണ്ഡലം. സംസ്ഥാനത്തെ എൽ.ഡി.എഫ് കോട്ടകളിലൊന്ന്. അതായിരുന്നു ആലത്തൂർ. എന്നാൽ തോറ്റവരെയും ജയിച്ചവരെയും ഒരു പോലെ ഞെട്ടിച്ച മണ്ഡലത്തിലെ കാറ്റ് ഇത്തവണ ആർക്ക് അനുകൂലമാകുമെന്നാണ് ഇനി അറിയാനുള്ളത്.

ഈ തിരഞ്ഞെടുപ്പിലെ വലിയ പ്രത്യേകതകളിലൊന്ന് ആലത്തൂർ മണ്ഡലത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിലുണ്ടായ വലിയ മാറ്റമാണ്. എൽ.ഡി.എഫിനും യു.ഡി.എഫിനും സാദ്ധ്യതയുള്ള മണ്ഡലങ്ങളിലൊന്നായി ആലത്തൂർ ഇതിനോടകം മാറിക്കഴിഞ്ഞു. സി.പി.എമ്മിന്റെ ശക്തമായ സംഘടനാ സംവിധാനമാണ് ഇടതു സ്ഥാനാർത്ഥി കെ.രാധാകൃഷ്ണന്റെ വിജയപ്രതീക്ഷ. ഇടതുകോട്ടയിൽ കഴിഞ്ഞ തവണ നേടിയ വിജയം ആവർത്തിക്കാനാകുമെന്നാണ് യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ പ്രതീക്ഷ.

2019ലെ തോൽവി താൽക്കാലിക പ്രതിഭാസമാണെന്ന് സി.പി.എം കരുതുന്നു. തദ്ദേശ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുതരംഗമായിരുന്നു. എല്ലാ നിയമസഭാ സീറ്റിലും ഇടതുപക്ഷം ജയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുനോക്കുമ്പോൾ ഇടതുപക്ഷത്തിന്റെ ലീഡ് രണ്ടു ലക്ഷത്തിലേറെയാണ്. മുൻ ഡി.സി.സി പ്രസിഡന്റും എം.എൽ.എയുമായിരുന്ന എ.വി.ഗോപിനാഥ് ഇടതുപക്ഷത്തിന് പിന്തുണ പ്രഖ്യാപിച്ചതും എൽ.ഡി.എഫ് ക്യാമ്പിന് ആശ്വാസമാണ്.

ഡോ.ടി.എൻ.സരസുവിനെ ഇത്തിരി വൈകിയാണ് ബി.ജെ.പി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിൽ വിളിച്ചു തിരഞ്ഞെടുപ്പ് വിശേഷങ്ങൾ ചോദിക്കുകയും പിന്നീടു പ്രചാരണത്തിനു കുന്നംകുളത്തു വരികയും ചെയ്തതോടെ അവർ താരമായി. സംസ്ഥാനാന്തര നദീജല തർക്കം, കള്ളിന്റെ വീര്യം, പാലിന്റെ കൊഴുപ്പ്, നെല്ലുസംഭരണം, രാജ്യാന്തര കാർഷിക കരാറുകൾ, ജി.എസ്.ടി പ്രശ്നങ്ങൾ, വന്യമൃഗശല്യം എന്നിവയെല്ലാം ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.