
മംഗലംഡാം: കടപ്പാറയ്ക്കടുത്ത് രണ്ടാംപുഴക്കാർക്കു വോട്ടുചെയ്യാൻ പോളിംഗ് ബൂത്തിലെത്താൻ സാഹസികയാത്രവേണ്ടിവരും. കിഴക്കഞ്ചേരി പഞ്ചായത്തിൽപ്പെടുന്ന രണ്ടാംപുഴ, മണ്ണെണ്ണക്കയം, കുഞ്ചിയാർപ്പതി തുടങ്ങിയ പ്രദേശത്തെ അഞ്ഞൂറോളംവോട്ടർമാർക്കാണ് ഈ ദുരവസ്ഥ. ഇവർക്കു വോട്ടുചെയ്യാൻ രണ്ടുമൂന്നു കിലോമീറ്റർ നടന്ന് കടപ്പാറ റോഡിലെത്തി അവിടെ നിന്ന് ഡാമിലേക്ക് ബസ് കയറി പിന്നീട് ഓടംതോട്ടിലേക്കുള്ള മറ്റൊരു ബസിൽ കയറിവേണം കരിങ്കയത്തെ ബൂത്തിലെത്താൻ. മണിക്കൂറുകൾ നീളുന്ന യാത്രയും ദുരിതവുംപേറിവേണം സമ്മതിദാനവകാശം വിനിയോഗിക്കാൻ.
20 കിലോമീറ്റർ യാത്രയ്ക്കു പുറമെ വോട്ടുചെയ്ത് വീട്ടിൽ തിരിച്ചെത്താൻ പകൽ മുഴുവൻ ചെലവഴിക്കണം. വേനൽച്ചൂടും അസ്വസ്ഥതകളും വേറെ. വാഹനം വാടകയ്ക്കു വിളിച്ചുപോയാൽ വലിയ തുക അതിനായി ചെലവഴിക്കണം. ഇത്രയും പേർക്ക്വോട്ടു ചെയ്യാനുള്ള സൗകര്യം ഒരുക്കാൻ രാഷ്ട്രീയപാർട്ടികൾക്കും താത്പര്യമില്ല. പ്രദേശത്തു പൊതുസ്ഥാപനങ്ങൾ ഇല്ലാത്തതാണ് ബൂത്ത് അനുവദിക്കാൻ തടസമായി പറയുന്നത്. രണ്ടു കിലോമീറ്റർ മാറി കടപ്പാറയിൽ സർക്കാർ എൽ.പി സ്കൂളുണ്ട്. എന്നാൽ സ്കൂൾ സ്ഥിതിചെയ്യുന്നത് സമീപ പഞ്ചായത്തായ വണ്ടാഴിയിലാണ്.
ഇതിനാൽ രണ്ടാം പുഴക്കാർക്ക് കടപ്പാറ സ്കൂളിൽ ബൂത്ത് അനുവദിക്കാനാകില്ലത്രെ. മുമ്പ് നടന്ന പല തെരഞ്ഞെടുപ്പുകളിലും തങ്ങളുടെ ദുരിതം അധികൃതരെ ബോധ്യപ്പെടുത്തിയിട്ടുങ്കിലും ആരും കാര്യമായി പരിഗണിക്കുന്നില്ലെന്നാണ് വോട്ടർമാരുടെ പരാതി.