
മുണ്ടൂർ: പൊതുവിപണിയിൽ റബ്ബർ വില 180 രൂപയിൽ എത്തിയിട്ടും നേട്ടം കൊയ്യാനാവാത്തത് കർഷകർ ദുരിതത്തിൽ. കടുത്ത വേനൽ ചൂടിൽ ഉത്പാദനം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണം. ഉത്പാദനം കൂടിയ സമയത്ത് റബ്ബർ ഷീറ്റിന് 150 ൽ താഴെയായിരുന്നുവില.
നാലാം ഗ്രേഡ് ഷീറ്റിനാണ് 180 രൂപ വില. എന്നാൽ കർഷകരുടെ കൈവശം വിൽക്കാൻ ഷീറ്റ് ലഭ്യമല്ല. മാർക്കറ്റ് വിലയും അന്താരാഷ്ട്ര വിലയും ഉയർന്നത് കർഷകർക്ക് നേട്ടമില്ലാതായി. മുൻവർഷങ്ങളിൽ വില ഉയരുമെന്ന പ്രതീക്ഷയിൽ ഷീറ്റ് സൂക്ഷിച്ചുവച്ച കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് വിൽക്കേണ്ട സ്ഥിതിയുണ്ടായി. ഇക്കാരണത്താൽ ഈ വർഷം കർഷകരിലേറെയും ഷീറ്റ് കരുതി വെക്കാതെ നേരത്തെ വിൽപന നടത്തി. കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ഉത്പാദന കുറവാണ് അന്താരാഷ്ട്ര വിപണിയിലും ആഭ്യന്തര വിപണിയിലും വില വർദ്ധനയ്ക്കിടയാക്കിയതെന്ന് വ്യാപാരികൾ പറയുന്നു. മലയോര മേഖലകളിലെ പ്രധാന റബ്ബർ കടകളിൽ 50 - 100 കിലോയിൽ താഴെ മാത്രമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
ടാപ്പിംഗ് നിർത്തി കർഷകർ
ഉത്പാദനം പകുതിയായതോടെ പല കർഷകരും റബ്ബർ ടാപ്പിംഗ് നിർത്തി. ടാപ്പിംഗ് നിർത്തിയതോടെ ചിരട്ടകളിൽ ശേഷിച്ച ഒട്ടുപാലും വള്ളിപ്പാലും 105 -110 രൂപ വിലയായി ഉയർന്നു. റബ്ബർ വില വർദ്ധനവിനൊപ്പം ഏപ്രിൽ മുതൽ സർക്കാർ താങ്ങു വിലയ്ക്ക് എടുക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ ചെറുകിട കർഷകർക്ക് യാതൊരു ഗുണവുമില്ല. അതേ സമയം ചെറുകിട കർഷകരിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി ഷീറ്റ് സൂക്ഷിച്ച് വെച്ച വൻകിട തോട്ട ഉടമകൾക്കും വ്യാപാരികൾക്കുമാണ് നേട്ടമുണ്ടാക്കാൻ കഴിയുന്നത്.