
പാലക്കാട്: വോട്ടിംഗ് അവസാനിച്ചപ്പോൾ പോളിംഗ് ശതമാനത്തിലെ കുറവിൽ ആശയും ആശങ്കകളുമായി മുന്നണികൾ. വോട്ടെണ്ണുമ്പോൾ അറിയാം നാടിളക്കിയുള്ള പ്രചരണത്തിനൊടുവിൽ ആര് കരപറ്റിയെന്നും എത്ര ഭൂരിപക്ഷം ലഭിച്ചുവെന്നും. ഇനി ഒരു മാസം, മേയ് നാലിന് വേണ്ടിയുള്ള കാത്തിരിപ്പ്.
നാളെ വരെ പാലക്കാട് ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പുന്റെ നിർദേശമുള്ളതിനാൽ വെയിൽ ശക്തമാകുന്നതിന് മുമ്പേ പാലക്കാട്ടെ ഗ്രാമ -നഗര മേഖലകളിൽ 35 ശതമാനം ഭേദപ്പെട്ട പോളിംഗാണ് നടന്നത്. പതിവിലും വിപരീതമായി ആലത്തൂരിൽ പോളിംഗ് മന്ദഗതിയിലായിരുന്നു. വോട്ടിംഗ് ആരംഭിച്ച് മൂന്നു മണിക്കൂർ പിന്നിട്ടപ്പോൾ പോളിംഗ് ശതമാനം ക്രമേണ ഉയരാൻ തുടങ്ങി. ഉച്ചയോടെ തന്നെ അത് 36 ശതമാനം പിന്നിട്ടു. മൂന്നുമണിയായപ്പോൾ 50 ശതമാനവുമായി.
കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് പോളിംഗ് ശതമാനം കുറഞ്ഞത് തങ്ങൾക്ക് അനുകൂലമാവുമെന്നാണ് ഇടതു ക്യാമ്പിന്റെ വിലയിരുത്തൽ. തങ്ങളുടെ ശക്തി കേന്ദ്രങ്ങളായ ഷൊർണൂർ, ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മേഖലകളിലെ പോളിംഗ് ശതമാനം ഇടതുമുന്നണി സ്ഥാനാർത്ഥി എ.വിജയരാഘവന് അനുകൂലമാകുമെന്ന് എൽ.ഡി.എഫ് വിലയിരുത്തുന്നു.
തങ്ങളുടെ ശക്തികേന്ദ്രങ്ങളായ മണ്ണാർക്കാട്ടും (72.98 %), പാലക്കാട്ടെയും (69.23%) പോളിംഗ് യു.ഡി.എഫിന് അനുകൂലമാവുമെന്നാണ് നേതൃത്വത്തിന്റെ വിശകലനം. ഷൊണൂരിൽ ദീർഘകാലം നഗരസഭാ കൗൺസിലറായിരുന്നയാളാണ് യു.ഡി.എഫ് സ്ഥാനാർത്ഥി വി.കെ.ശ്രീകണ്ഠൻ. അതിനാൽ ഇവിടെത്ത ഉയർന്ന പോളിംഗ് ശതമാനത്തിൽ വലയി പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.
കേന്ദ്ര സർക്കാരിന്റെ വികസ പദ്ധതികളും മോഡി പ്രഭാവവും ഉയർത്തിപ്പിടിച്ചാണ് എൻ.ഡി.എ തിരഞ്ഞെടുപ്പിനെ നേരിട്ടത്. കേന്ദ്രസർക്കാരിന്റെ പദ്ധതികളുടെ ഗുണം ലഭിച്ചുവർ എൻ.ഡി.എക്ക് വോട്ടുചെയ്തുവെന്നാണ് സ്ഥാനാർത്ഥി സി.കൃഷ്ണകുമാർ ആവകാശപ്പെടുന്നത്. സ്ത്രീ വോട്ടർമാർ കൂടുതലുള്ള ജില്ലയിൽ അവരിൽ ഭൂരിഭാഗം പേരും മോദി ഗ്യാരന്റിയിൽ വിശ്വസിക്കുന്നുവെന്നും എൻ.ഡി.എ ക്യാമ്പ് വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണകുമാർ മലമ്പുഴയിൽ വി.എസിന് പുറകിൽ രണ്ടാമതെത്തിയിരുന്നു. ഇത്തവണയും മലമ്പുഴയിൽ ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. ഷൊർണൂരിലും ഒറ്റപ്പാലം നഗരസഭയിലും പ്രധാന പ്രതിപക്ഷമാണ് ബി.ജെ.പി കൂടാതെ കോങ്ങാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും വോട്ടിംഗ് ശതമാനം ക്രമമായി ഉയർത്തുന്ന ബി.ജെ.പിയും വലിയ വിജയപ്രതീക്ഷയിലാണ്.