
പാലക്കാട് : രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ പി.വി. അൻവർ എം.എൽ.എക്കെതിരെ മണ്ണാർക്കാട് നാട്ടുകൽ പൊലീസ് കേസെടുത്തു. എറണാകുളം സ്വദേശിയായ അഡ്വ. എം ബൈജു നോയൽ മണ്ണാർക്കാട് ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ സ്വകാര്യ അന്യായം പരിഗണിച്ച കോടതി നിർദേശ പ്രകാരമാണ് പൊലീസ് കേസെടുത്തത്. 153 എ(1) ( രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ) വകുപ്പ്, ജനപ്രാതിനിധ്യ നിയമ വകുപ്പ് 125 ഉൾപ്പെടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്. രണ്ട് വിഭാഗങ്ങൾക്കിടയിൽ സ്‌പർദ്ധയുണ്ടാക്കൽ ജാമ്യമില്ലാ വകുപ്പാണ്. പാലക്കാട്ടെ എടത്തനാട്ടുകാരയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് അൻവറിന്റെ വിവാദമായ ഡി.എൻ.എ പരാമർശമുണ്ടായത്. രാഹുൽ ഗാന്ധി നെഹ്രു കുടുംബാംഗമാണോ എന്നറിയാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നായിരുന്നു പി.വി. അൻവറിന്റെ പരാമർശം. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ മാറിയെന്നും രാഹുൽ ഗാഡിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നും ഇടതുമുന്നണി തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അൻവർ പറഞ്ഞു. പരാമർശത്തിനെതിരെ വലിയ പ്രതിഷേധമുയർന്നിരുന്നു. വിവാദ പരാമർശത്തിനെതിരെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.
വയനാട്ടിൽ പോളിംഗ്
ശതമാനം കുറഞ്ഞു
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: വയനാട്ടിൽ പോളിംഗ് ശതമാനം 73.26 ആയി കുറഞ്ഞു. 2019ൽ മണ്ഡലത്തിലെ പോളിംഗ് ശതമാനം 80.33ആണ്. രാഹുൽഗാന്ധി നാലര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ രാഹുലിന്റെ ഭൂരിപക്ഷത്തിൽ കുറവ് വരാൻ സാദ്ധ്യതയുണ്ടെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
എന്നാൽ, ഇടത് കേന്ദ്രങ്ങൾ പറയുന്നത് ഇത്തവണ ആനി രാജ വിജയിക്കുമെന്നാണ്. കാരണം നിരത്തിയാണ് അവകാശ വാദം. 2019ൽ മണ്ഡലത്തിൽ രാഹുൽ എത്തുന്നത് പ്രധാനമന്ത്രി സ്ഥാനാർത്ഥി എന്ന നിലയിലാണ്. ജയിച്ച ശേഷം മണ്ഡലത്തിൽ വേണ്ടത്ര ശ്രദ്ധിച്ചില്ലെന്ന പരാതി രാഹുലിനെതിരെ ഇടത് മുന്നണി ഉന്നയിച്ചിരുന്നു. ഇത് വോട്ടായി മാറിയെന്നാണ് അവകാശവാദം. പോളിംഗ് ശതമാനം മുൻ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞതിന്റെ കാരണം വരും ദിവസങ്ങളിൽ മുന്നണികൾ പരിശോധിക്കും.