temple
ക്ഷേത്ര നിർമ്മാണം

പാലക്കാട്: സമൂഹത്തിലെ ജാതീയ തിന്മകൾക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പോരാടിയ നവോത്ഥാന നായകൻ ശ്രീനാരായണഗുരുവിന് പാപനാശിനിയോരത്ത് ക്ഷേത്രം ഒരുങ്ങുന്നു. പെരുവെമ്പ് പാലത്തുള്ളി പാലൂർ ശിവക്ഷേത്രത്തിന് സമീപമാണ് ശ്രീഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ക്ഷേത്രം നിർമ്മിക്കുന്നത്. പുതിയ തലമുറയ്ക്ക് ശ്രീനാരായണീയ ചിന്തകളും ആദർശങ്ങളും ആത്മീയതയും പകർന്നുനൽകുകയെന്ന ലക്ഷ്യമാണ് ക്ഷേത്രം നിർമ്മാണത്തിലേക്ക് നയിച്ചത്.

ശ്രീനാരായണീയർ ഏറെയുള്ള പാലക്കാട് ജില്ലയിൽ ശ്രീനാരായണഗുരുവിന് മാത്രമായി ഒരു ക്ഷേത്രം വേണമെന്നും ശിവഗിരിയിലെ പൂജാ കർമ്മങ്ങളും ചടങ്ങുകളും അതേപടി പിന്തുടരണമെന്നുമുള്ള ആലോചനയ്ക്ക് തുടക്കമാകുന്നത് രണ്ട് പതിറ്റാണ്ട് മുമ്പാണ്. തുടർന്ന് 12 അംഗ ശ്രീഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റ് പണം സ്വരൂപിച്ച് പാലത്തുള്ളിയിൽ സ്ഥലം വാങ്ങുകയും ചെയ്തു. 2022ലാണ് ക്ഷേത്ര നിർമ്മാണം ആരംഭിച്ചത്.

65 സെന്റ് ഭൂമിയിൽ 1000 ചതുരശ്ര അടിയിലാണ് ക്ഷേത്ര നിർമ്മാണം. ശ്രീകോവിൽ, ചുറ്റമ്പലം, മുഖമണ്ഡപം എന്നിവയുടെ പണികൾ അവസാനഘട്ടത്തിലാണ്. മൂന്നടി ഉയരത്തിൽ ഗുരുദേവന്റെ വെങ്കല പ്രതിഷ്ഠ ശ്രീകോവിലിൽ പ്രതിഷ്ഠിക്കും. ഇനി ഗ്രാനൈറ്റ് പാകൽ, ഓഫീസ് സമുച്ഛയം, വഴിപാട് കൗണ്ടർ, വിശ്രമിക്കാനുള്ള ഹാൾ, തിടപ്പള്ളി, പൂന്തോട്ടം, നാല് ഗേറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പണികൾ പൂർത്തിയാക്കാനുണ്ട്. നിലവിൽ ക്ഷേത്രത്തിന്റെ 70 ശതമാനം നിർമ്മാണം പൂർത്തിയായി. ഇതുവരെ 30 ലക്ഷംരൂപ ചെലവായി. ഈ വർഷം അവസാനത്തോടെ പണികൾ പൂർത്തിയാക്കി പ്രതിഷ്ഠ നടത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് കമ്മിറ്റി ചെയർമാൻ പി.മുരുകൻ, വൈസ് ചെയർമാൻ പി.ഗുരുസ്വാമി, സെക്രട്ടറി പി.വിജയൻ, ട്രഷറർ സുഭാഷ് എന്നിവർ പറഞ്ഞു. തുടർ പ്രവർത്തനങ്ങൾക്ക് 20 ലക്ഷം രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതിനായി സുമനസുകളുടെ സഹായം തേടാനാണ് ആലോചിക്കുന്നതെന്ന് കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. ഇതിനായി ശ്രീഗുരുദേവ ചാരിറ്റബിൾ ട്രസ്റ്റിന്റെ പേരിൽ തത്തമംഗലം കേരള ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. മറ്റ് കമ്മിറ്റി അംഗങ്ങൾ; വി.കുട്ടികൃഷ്ണൻ, കൃഷ്ണൻ, ഗോപകുമാർ, കൃഷ്ണദാസ്, രാജീവ്, വേലായുധൻ, മണി.

a/c no- 40298101101768

ifsc KLGB0040298