ഒറ്റപ്പാലം: കൊടും ചൂടിൽ ചരിത്രത്തിലാദ്യമായി ഭാരതപ്പുഴയിലെ മീറ്റ്‌ന തടയണയും വറ്റിയതോടെ ഒറ്റപ്പാലത്തും സമീപ പ്രദേശങ്ങളിലും ജലവിതരണം പ്രതിസന്ധിയിലായി. മറ്റു തടയണകളിലേറെയും വറ്റിവരണ്ടതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായി. വാട്ടർ അതോറിറ്റിയുടെ പ്രധാന ജലസ്രോതസാണ് മീറ്റ്‌ന തടയണ. ഒറ്റപ്പാലം നഗരസഭയുടെയും അമ്പലപ്പാറ പഞ്ചായത്തിന്റെയും സമഗ്ര കുടിവെള്ള പദ്ധതികളുടെ സ്രോതസാണിത്. വാണിയംകുളം, ലക്കിടിപേരൂർ മേഖലകളെയും തടയണ വറ്റിയത് പ്രതികൂലമായി ബാധിക്കും. ഞാവളിൻകടവ്, ലക്കിടി, ഷൊർണൂർ ഉൾപ്പെടെ ഭാരതപ്പുഴയിലെ മറ്റു തടയണകളിലും വെള്ളം തീരെ കുറവാണ്.
പമ്പിംഗ് നടത്താനുള്ള വെള്ളം ഇല്ലാതായതോടെ വാട്ടർ അതോറിറ്റി പുഴയിൽ ചാല് കീറാനും തുടങ്ങി. ചെറിയ കുളം തീർത്തും ജല സാധ്യത തേടുകയാണ്. വേനൽമഴ അകന്ന് നിൽക്കുന്നത് പ്രശ്നം രൂക്ഷമാക്കുന്നുണ്ട്. പുഴ കേന്ദ്രീകരിച്ചുള്ള കുടിവെള്ള പദ്ധതികൾ എല്ലാം പ്രതിസന്ധിയിലാണ്. ജലവിതരണം തകരാറിലായതോടെ മിക്കയിടത്തും ടാങ്കറുകളിൽ വെള്ളം എത്തിച്ചാണ് താത്ക്കാലിക പരിഹാരം കാണുന്നത്. വേനൽമഴ കനിയുകയോ, ആളിയാർഡാമിൽ നിന്ന് ഭാരതപ്പുഴയിലേക്ക് വെള്ളമെത്തുകയോ ചെയ്തില്ലെങ്കിൽ ഒറ്റപ്പാലം, ഷൊർണൂർ മേഖലകളിലെ ജലവിതരണം പൂർണമായും പ്രതിസന്ധിയിലാകും.