inchi

പത്തനംതിട്ട: വന്യമൃഗശല്യം ഒഴിവാക്കാൻ വനാതിർത്തികളിലെ ഫലവർഗ കൃഷി ഉപേക്ഷിച്ച് പകരം വന്യമൃഗങ്ങൾ ഭക്ഷിക്കാത്തതും വിപണന സാദ്ധ്യതയുള്ളതുമായ വിളകൾ കൃഷി ചെയ്യണമെന്ന് നിർദ്ദേശം. കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വനം, കൃഷി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്തു.

വാഴ, കപ്പ, ചേമ്പ്, ചേന, കിഴങ്ങുവർഗങ്ങൾ എന്നിവയാണ് കാട്ടാനകൾ, പന്നികൾ, കുരങ്ങൻമാർ, മലയണ്ണാൻ തുടങ്ങിയവ നശിപ്പിക്കുന്നത്. ഇവ ഒഴിവാക്കി പകരം എണ്ണപ്പന, പതിമുഖം (മുള്ളുള്ളത്), ഇഞ്ചി, മഞ്ഞൾ, കുരുമുളക്, കാപ്പി എന്നിവ കൃഷി ചെയ്യണമെന്നാണ് നിർദ്ദേശം. വിളകൾക്കിടയിൽ നിരയായി പെട്ടികൾ സ്ഥാപിച്ച് തേനീച്ച വളർത്തുന്നതും നല്ലതാണ്. തേനീച്ചകളുടെ മൂളൽ ശബ്ദംകേട്ട് കാട്ടാനകൾ ഭയന്നുമാറും. ഇവയിലൂടെ കർഷകർക്ക് വരുമാനവും ലഭിക്കും.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സംസ്ഥാനത്തെ വനം ഡിവിഷനുകൾ കേന്ദ്രീകരിച്ച് പദ്ധതി തുടങ്ങാനാണ് ആലോചന. ഇതിനായി കർഷകരെ ബോധവത്കരിക്കും. ഫലവർഗങ്ങളല്ലാത്ത വിളകളുടെ വിത്തുകൾ കൃഷിവകുപ്പ് ലഭ്യമാക്കും.

കാടിനുള്ളിൽ കുളങ്ങൾ

വേനൽക്കാലത്ത് വെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതിനെ പ്രതിരോധിക്കാൻ കാടിനുള്ളിൽ കുളങ്ങൾ നിർമ്മിക്കാനും നിലവിലുള്ള ജലസ്രോതസുകൾ ശക്തിപ്പെടുത്താനും വനംവകുപ്പ് തീരുമാനിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന സതേൺ സർക്കിളിൽ 140 ജലസ്രോതസുകൾ ശക്തിപ്പെടുത്തും. വന്യമൃഗങ്ങളെ തടയാൻ സോളാർ വേലികളും കിടങ്ങുകളും നിർമ്മിച്ച് പരിപാലിക്കണമെന്നും നിർദ്ദേശമുണ്ട്.

''വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഭക്ഷ്യസാദ്ധ്യമായ കാർഷിക വിളകളുടെ ഗന്ധം കിട്ടുമ്പോഴാണ്. കാടിനുള്ളിലെ ജലക്ഷാമവും കാരണമാണ്. ഇതിന് പരിഹാരമായാണ് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നത്.

-ലൂയിസ് മാത്യു, ഡയറക്ടർ, സ്റ്റേറ്റ് അഗ്രിക്കൾച്ചറൽ

മാനേജ്മെന്റ് ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്