പത്തനംതിട്ട : വെള്ളം കിട്ടാതെ ആനകളടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ വനംവകുപ്പിന്റെ കർമ്മ പദ്ധതി. കാടിനകത്ത് ജലലഭ്യത ഉറപ്പുവരുത്താൻ കുളങ്ങളും ജലാശയങ്ങളും നിർമ്മിച്ച് പ്രതിരോധമൊരുക്കുകയാണ്. ഇതിനായി ജലസ്രോതസുകൾ ശക്തിപ്പെടുത്തും. പത്തനംതിട്ട ജില്ല ഉൾപ്പെടുന്ന വനംവകുപ്പിന്റെ സതേൺ സർക്കിളിൽ ജലസ്രോതസുകൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യമായി തടയണകളും കുളങ്ങളും നിർമ്മിച്ചു. കാട്ടിൽ നിന്ന് വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾക്ക് നാട്ടിലും വെള്ളം കിട്ടാത്ത സാഹചര്യമുണ്ട്.
വനമേഖലയിലൂടെ ഒഴുകുന്ന പുഴകൾ പലഭാഗത്തും വറ്റിയതിനാൽ ഇതിൽ കുഴികൾ നിർമിച്ച് ജലലഭ്യത ഉറപ്പാക്കും. വനം സംരക്ഷണസമിതിയുടെ സഹകരണത്തിലാണ് ജലസ്രോതസുകളുടെ നിർമാണം. റാന്നി, കോന്നി വനം ഡിവിഷനുകളുടെ പരിധിയിൽ നിരവധിയിടങ്ങളിൽ ജലസ്രോതസുകളുടെ നിർമാണം നടന്നുവരുന്നുണ്ട്. തടയണകളും കുളങ്ങളും ഒരുവശം ചരിച്ച് നിർമിക്കുന്നതിനാൽ മൃഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഇറങ്ങി വെള്ളം കുടിക്കാനാകും. ആനത്താരകളോടു ചേർന്നുള്ള ഭാഗങ്ങളിലാണ് കുളങ്ങൾ നിർമിച്ചിട്ടുള്ളത്.
'' കാടിനുള്ളിൽ വെള്ളം ഉറപ്പാക്കിയതിന് പിന്നാലെ വിവിധ സ്ഥലങ്ങളിൽ കാട്ടാന, കാട്ടുപോത്ത് എന്നിവ വെള്ളം തേടി പുറത്തേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കുന്നതിനും വനംവകുപ്പ് സംവിധാനമായി. കാട്ടാനകൾ കൂടുതലായി പുറത്തേക്ക് വന്നിരുന്ന കോന്നി, റാന്നി, അച്ചൻകോവിൽ ഡിവിഷനുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
വനംവകുപ്പ് അധികൃതർ
റാന്നി മേഖലയിൽ കൊടുമുടി, പടയണിപ്പാറ, മൺപിലാവ്, അരീക്കക്കാവ്, കട്ടച്ചിറ, നാറാണംതോട്, ഇരുതോട് ഭാഗങ്ങളിൽ ജലസ്രോതസുകൾ ശക്തിപ്പെടുത്തി.