postal

പത്തനംതിട്ട: ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം പോളിംഗ് കേന്ദ്രങ്ങളിൽ റിപ്പോർട്ടിംഗിന് ഇലക്ഷൻ കമ്മിഷൻ പാസ് നൽകുന്ന മാദ്ധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ടിന് അവസരം ഉണ്ടായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. തിരഞ്ഞെടുപ്പ് ദിവസം ജോലി ചെയ്യുന്ന പി.ആർ.ഡിയുടെ അക്രഡിറ്റേഷനുള്ള മാദ്ധ്യമപ്രവർത്തകർക്ക് പോസ്റ്റൽ വോട്ടിന് അവസരം നൽകുന്നതിന് പുറമേയാണിത്. ഇത് സംബന്ധിച്ച് പി.ആർ.ഡി ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. അവശ്യസർവീസ് വിഭാഗത്തിൽപെടുന്നവർ പോസ്റ്റൽ വോട്ട് ചെയ്യുന്ന രീതിയിൽ തന്നെയാണ് മാദ്ധ്യമപ്രവർത്തകർക്കും പോസ്റ്റൽ വോട്ട് ചെയ്യാനാവുക.