1
എഴുമറ്റൂർ പഞ്ചായത്തിൽ 14-ാം വാർഡിൽ കുടിവെള്ള പദ്ധതിയുടെ മോട്ടർഷെഡിൽ മാലിന്യം വേർതിരിച്ച് നിക്ഷേപിക്കുന്ന ഹരിത കർമ്മസേനാ അംഗങ്ങൾ

മല്ലപ്പള്ളി : കുടിവെള്ള പദ്ധതിയുടെ കിണറും മോട്ടോർ ഷെഡും മാലിന്യ സംഭരണ കേന്ദ്രങ്ങളായി. എഴുമറ്റൂർ ഗ്രാമ പഞ്ചായത്ത് 14-ാം വാർഡിൽ വേങ്ങഴത്തടത്തിലെ മിനിസ്കീം പദ്ധതിയുടെ കിണറും മോട്ടോർ ഷെഡും ഹരിത കർമ്മ സേനയുടെ മാലിന്യം സംഭരിക്കാൻ ഉപയോഗിക്കുന്നെന്നാണ് പരാതി. 32 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭിച്ചിരുന്ന പദ്ധതിയാണിത്. കിണറിനും മോട്ടർഷെഡിനും സമീപം 2019 ൽ മിനി എം.സി.എഫ് സ്ഥാപിച്ചിരുന്നു. 2022 ൽ സമീപത്തെ കുടിവെള്ള പദ്ധതിയുടെ മോട്ടോർ ഷെഡ് മാലിന്യ സംഭരണകേന്ദ്രം കൂടിയാക്കി.ഗാർഹിക ഗുണഭോക്താക്കൾ ഇത് സംബന്ധിച്ച പരാതി ബന്ധപ്പെട്ട അധികാരികളെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മോട്ടോർ പ്രവർത്തിക്കാത്തതും വിതരണ പൈപ്പുകൾ തകർന്നതുമാണ് ജലവിതരണം മുടങ്ങാൻ കാരണം. ജലക്ഷാമം രൂക്ഷമായ പ്രദേശത്ത് പദ്ധതി പുനരാരംഭിക്കുന്നതിനും അധികൃതർ തയ്യാറാകുന്നില്ല. 1993 ൽ 1.12 ലക്ഷം രൂപ മുടക്കി ആരംഭിച്ച കുടിവെള്ള മിനി സ്കീംപദ്ധതി ഏഴ് വർഷം ഗുണഭോക്ത്യ സമിതിയുടെ നേതൃത്വത്തിലാണ് നടത്തിയത്. തുടർന്ന് മോട്ടോർ പണിമുടക്കിയതോടെ പദ്ധതിയുടെ പ്രവർത്തനം നിലച്ചു. 2016 ൽ ഗുണഭോക്താക്കളുടെ സഹകരണത്തോടെ പണം കണ്ടെത്തി പദ്ധതി വീണ്ടും ആരംഭിച്ചെങ്കിലും നിലച്ചു. പമ്പ് ഓപ്പറേറ്ററുടെ അഭാവവും കിണറ്റിലെ വെള്ളം കുറഞ്ഞതുമാണ് വിനയായത്. ഇതിന് പുറമേയാണ് ഇവിടെ മാലിന്യ സംഭരണ കേന്ദ്രം കൂടിയായി മാറിയത്.

----------------

മോട്ടോാർ തകരാറിലായത് അധികൃതരുടെ അലംഭാവം മൂലമാണ്. മാലിന്യ സംഭരണ കേന്ദ്രമാക്കാതെ പദ്ധതി പ്രയോജനപ്പെടുത്താൻ നടപടി വേണം.

ഓമനക്കുട്ടൻ

വേങ്ങഴ

പ്രദേശവാസി