അടൂർ : കടമ്പനാട് വില്ലേജ് ഓഫീസർ പയ്യനല്ലൂർ കൊച്ചുതുണ്ടിൽ മനോജ് (47) ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാഹ്യ സമ്മർദ്ദങ്ങളെന്ന് അടൂർ ആർ.ഡി.ഒയുടെ റിപ്പോർട്ട്. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. സമ്മർദ്ദത്തിന് പിന്നിൽ ആരാണെന്നോ, കാരണമെന്താണെന്നോ ആർ.ഡി.ഒയുടെ അന്വേഷണ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. സഹപ്രവർത്തകരും കുടുംബാംഗങ്ങളുമായ ഇരുപതോളം പേരുടെ മൊഴി എടുത്തും, നേരിട്ട് തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം പൂർത്തീകരിച്ചത്. ജില്ലാ കളക്ടർക്ക് സമർപ്പിച്ച റിപ്പോർട്ട് അടുത്തദിവസം ലാൻഡ് റവന്യു കമ്മി​ഷണർക്ക് കൈമാറും. ആത്മഹത്യയ്ക്ക് പിന്നിൽ, ഭരണകക്ഷിയുടെ പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ട് എന്ന തരത്തിൽ നേരത്തെ ബന്ധുക്കൾ പ്രതികരിച്ചിരുന്നു. മൂന്നുമാസം മുൻപാണ് ആറന്മുളയിൽ നിന്ന് മനോജ് കടമ്പനാട്ടേക്ക് സ്ഥലം മാറി എത്തിയത്. മാർച്ച് 11​നാണ് കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.