road-
പുതമൺ താത്കാലിക പാതയിലൂടെ കടന്നു പോകുന്ന വാഹനങ്ങൾ പ്രധാന പാതയിലേക്ക് കയറാൻ ബുദ്ദിമുട്ടുന്നു

റാന്നി: പുതമൺ താത്കാലിക പാതയിലെ യാത്ര ദുഷ്കരമെന്ന് യാത്രക്കാർ . ചെറു വാഹനങ്ങളാണ് ആദ്യം കടത്തി വിട്ടതെങ്കിൽ നിലവിൽ ഭാര വാഹനങ്ങൾ ഉൾപ്പെടെ പാതയിലൂടെ കടന്നു പോകുന്നതോടെയാണ് റോഡിൽ ഉറപ്പിച്ച മെറ്റിൽ ഇളകാൻ തുടങ്ങിയത്. അമിത ഭാരവുമായെത്തുന്ന വലിയ ടോറസുകൾ ഒഴികെ മറ്റെല്ലാ വാഹനങ്ങളും കടത്തിവിടാനാകുമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ പാതയിലൂടെ അമിത ഭാരം കയറ്റിയ വാഹനങ്ങളും കടന്നു പോകുന്നുണ്ട്. ഇതു മൂലം പ്രധാന പാതയിലേക്ക് കടക്കുന്ന ഭാഗത്തു റോഡിലെ മെറ്റിൽ ഇളകി മാറി ചെറു കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് ചെറു കാറുകൾക്കും ഓട്ടോറിക്ഷകൾക്കും പ്രധാന പാതയിലേക്ക് കടക്കാൻ ഏറെ പ്രയാസമുണ്ടാകുന്നു. ഭാര വാഹനങ്ങളെ നിരോധിക്കുകയോ പാതയുടെ ഉപരിതലം കൂടുതൽ ഉറപ്പിക്കുകയോ ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം. റാന്നി -കോഴഞ്ചേരി റോഡിലെ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്കത്തെ തുടർന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു. വാഹനങ്ങൾ കിലോമീറ്റർ ചുറ്റി സഞ്ചരിച്ചു വേണം മറുകരയിലെത്താൻ. നാട്ടുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പുതിയ പാലം വരുന്നതുവരെ താത്കാലിക പാത പണിതത്.

.........................

ചെലവ് 30.60 ലക്ഷം