പത്തനംതിട്ട: കുളനട വില്ലേജ് ഓഫീസർ ശ്രീലാലിനെ സി.പി.എം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് പരാതി. പോക്കുവരവ് ചെയ്തു നൽകുന്നതുമായി ബന്ധപ്പെട്ട് സി.പി.എം കുളനട ലോക്കൽ സെക്രട്ടറി സായിറാമും ഡി. വൈ. എഫ്. ഐ നേതാവ് ശ്രീഹരിയും അടങ്ങുന്ന സംഘം വില്ലേജ് ഓഫീസറുമായി തർക്കിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു. ജോലി തടസപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി വില്ലേജ് ഓഫീസർ പന്തളം പൊലീസിനും കോഴഞ്ചേരി തഹസിൽദാർക്കും

പരാതി നൽകി. ശനിയാഴ്ചയായിരുന്നു സംഭവം.

പോക്കുവരവുമായി ബന്ധപ്പെട്ട് നൂറ്റമ്പതോളം അപേക്ഷകളാണ് വില്ലേജ് ഓഫീസിലുള്ളതെന്നും താൻ പത്ത് ദിവസം മുൻപാണ് ചുമതലയേറ്റതെന്നും വില്ലേജ് ഓഫീസർ പറഞ്ഞു. അപേക്ഷകൾ ലഭിച്ചതിന്റെ മുറയ്ക്ക് തീർപ്പാാക്കി വിടുന്നുണ്ട്. വില്ലേജ് ഓഫീസിൽ ബഹളമുണ്ടാക്കിയവരുടെ ബന്ധുവിന്റെ അപേക്ഷ വേഗം തീർപ്പാക്കണമെന്നായിരുന്നു ആവശ്യം. നിയമപ്രകാരം മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ എന്ന് പറഞ്ഞപ്പോൾ തനിക്ക് നേരെ എട്ടോളം പേർ മോശമായ വാക്കുകളുമായി ആക്രോശം നടത്തുകയായിരുന്നുവെന്ന് വില്ലേജ് ഓഫീസർ പറഞ്ഞു.

പരാതിയിൽ മൊഴിയെടുക്കാൻ ഇന്നലെ വൈകിട്ട് പന്തളം പൊലീസ് സ്റ്റേഷനിലേക്ക് വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തി. ഏറേ നേരം കാത്തു നിന്ന വില്ലേജ് ഓഫീസറോട് സി. ഐ സ്ഥലത്തില്ലെന്നും ഇന്നു വരാനും പറഞ്ഞു.

രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് കടമ്പനാട് വില്ലേജ് ഓഫീസറായ പള്ളിക്കൽ സ്വദേശി ആത്മഹത്യ ചെയ്ത സംഭവം നിലനിൽക്കെയാണ് കുളനടയിലെ തർക്കം.