anto

പത്തനംതിട്ട : കാട്ടാനയുടെ ആക്രമണത്തിൽ ഗൃഹനാഥൻ കൊല്ലപ്പെട്ട കുടുംബത്തിന്റെ ദു:ഖം രാഷ്ട്രീയലാഭത്തിനവേണ്ടി ആന്റോ ആന്റണി ഉപയോഗപ്പെടുത്തുകയാണെന്നും എം.പിയുടേത് വൃത്തികെട്ട രാഷ്ട്രീയ നാടകമാണെന്നും മന്ത്രി വീണാജോർജ്ജ്. 15 വർഷം പോയിട്ട് 15 ദിവസം ആന്റോ ആന്റണി വനാതിർത്തിയിലെ ആളുകളുടെ പ്രശ്‌നം മനസിലാക്കാൻ ശ്രമിച്ചിട്ടില്ല. കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചത് അതീവ ദുഃഖകരമായ സംഭവമാണ്. തുലാപ്പള്ളിയിൽ പല കുടുംബങ്ങൾക്കും പട്ടയമില്ല. കേന്ദ്ര വനനിയമം മൂലം പ്രദേശവാസി​കൾക്ക് പ്ലാവില വെട്ടിക്കളയാൻ പോലും പറ്റാത്ത സാഹചര്യമാണ്. ഡിസാസ്റ്റർ മാനേജ് മെന്റ് ആക്ട് പ്രകാരം വന്യജീവി ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. കളക്ടർക്ക് പെട്ടെന്ന് തീരുമാനം എടുക്കാൻ കഴിഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. വന്യമൃഗ ആക്രമണത്തിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുന്നത് സംസ്ഥാന സർക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. കേന്ദ്ര വനനിയമത്തിൽ അടിയന്തരമായ ഭേദഗതികൾ വേണം. പന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേരളം ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ എം.പി മൗനം പാലിച്ചതായും വി.ഡി.സതീശൻ കേരളത്തിന്റെ പ്രതിപക്ഷ നേതാവാണോ അതോ കേരളവിരുദ്ധ നേതാവാണോ എന്ന് സംശയമുണ്ടെന്നും വീണാ ജോർജ്ജ് പറഞ്ഞു.