പന്തളം: കുളനട പഞ്ചായത്ത് ഒന്നാം വാർഡിലെ കുപ്പണ്ണൂർ പാടശേഖരങ്ങൾ നികത്താൻ നീക്കം . തെങ്ങ് നടാനെന്ന വ്യാജേന അവധി ദിവസത്തിന്റെ മറവിലാണ് ജെ.സി.ബി ഉപയോഗിച്ച് മുപ്പതിലധികം മൺകൂനകൾ പാടത്ത് ഉണ്ടാക്കിയത്. ഭാവിയിൽ ഈ നിലം പൂർണമായി മണ്ണിട്ട് നികത്തി മാറ്റുന്നതിനുള്ള ക്രമികരണങ്ങളാണ് നടത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നെൽകൃഷി നല്ല നിലയിൽ ചെയ്യാൻ കഴിയുന്ന പുഞ്ചനിലം നികത്തി കരഭൂമി ആക്കാനുള്ള ശ്രമത്തിനെതിരെ കർഷക തൊഴിലാളികളും സി.പി.ഐ കുളനട ലോക്കൽ കമ്മിറ്റിയും പ്രതിഷേധത്തിലാണ് . മൺകൂനകൾ മാറ്റി നിലം പൂർവസ്ഥിതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു, പൊലീസ് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. രാജ്യം ഭക്ഷ്യസുരക്ഷയ്ക്കായി മുറവിളി കൂട്ടുമ്പോൾ പൊതുജനങ്ങളെ കബളിപ്പിച്ച് നടത്തുന്ന പാടം നികത്തലിൽ സി.പി.ഐ നേതാവ് എൻ.ആർ. പ്രസന്നചന്ദ്രൻപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പ്രതിഷേധിച്ചു. സി.പി.ഐ ജില്ലാ കമ്മിറ്റിയംഗം പി.ടി. രാജപ്പൻ, സി.പി.ഐ കുളനട ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ. ശിവൻകുട്ടി എന്നിവർ പ്രസംഗിച്ചു. നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ തീരുമാനിച്ചു.