
പൊൻകുന്നം : പത്തനംതിട്ടയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്കിന്റെ പര്യടനത്തിന് കാഞ്ഞിരപ്പള്ളി വെങ്ങലാത്തുവയലിൽ ആവേശകരമായ തുടക്കം. ഗവ.ചീഫ്.വിപ്പ് ഡോ.എൻ.ജയരാജ് ഉദ്ഘാടനം ചെയ്തു. പര്യടനത്തിൽ ഉടനീളം ചീഫ് വിപ്പും ഒപ്പമുണ്ടായിരുന്നു. പള്ളിയ്ക്കത്തോട് വാഴൂർ, ചിറക്കടവ് പഞ്ചായത്തുകളിൽ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. കൊച്ചുകുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറുക്കണക്കിന് ആളുകളാണ് വിവിധ കേന്ദ്രങ്ങളിൽ സ്ഥാനാർത്ഥിയ്ക്കായി കത്തുന്ന വേനൽചൂടിനെയും അവഗണിച്ച് കാത്തുനിന്നത്. സ്വീകരണ കേന്ദ്രങ്ങളിൽ പടക്കങ്ങൾ പൊട്ടിച്ചും മുദ്രാവാക്യങ്ങളുമായി പര്യടനത്തിന്റെ ആവേശം പ്രവർത്തകർ വാനോളമുയർത്തി. ആശയ പ്രചാരണ നാടകസംഘം, നാടൻപാട്ട്, വാദ്യമേളങ്ങൾ എന്നിവ പര്യടനത്തിന് കൊഴുപ്പേകി.