autism
ബിലീവേഴ്സ് ആശുപത്രിയിൽ നടന്ന ഓട്ടിസം ബോധവത്കരണ ദിനാചരണം

തിരുവല്ല: ലോക ഓട്ടിസം ബോധവത്കരണ ദിനാചരണത്തിന്റെ ഭാഗമായി ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രി ചൈൽഡ് ഡെവലപ്മെന്റ് സെന്ററിന്റെയും പീഡിയാട്രിക്ക് വിഭാഗത്തിന്റെയും ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിന്റെയും നാഷണൽ റിസൊഴ്സ് സെൻറർ ഫോർ എൻ.സി.ഡിയുടെയും ഇന്ത്യൻ അസോസിയേഷൻ ഓഫ് പീഡിയാട്രിക്സ് പത്തനംതിട്ട ഘടകത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സൗജന്യ ഓട്ടിസം സ്ക്രീനിംഗ് ക്യാമ്പ് നടന്നു. ഓട്ടിസം ബാധിതരെന്ന് മാതാപിതാക്കൾ സംശയിക്കുന്ന കുട്ടികളുടെ വളർച്ചാഘട്ടങ്ങൾ പരിശോധിക്കാനും രോഗമുണ്ടെങ്കിൽ സ്ഥിരീകരിക്കാനും മാർഗനിർദ്ദേശങ്ങൾ നൽകാനും സജ്ജീകരണങ്ങൾ ഒരുക്കി. പീഡിയാട്രിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.എലിസബത്ത് വർക്കി ചെറിയാൻ, പി.എം.ആർ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.തോമസ് മാത്യു, ഡവലപ്പ്മെന്റൽ പീഡിയാട്രിഷ്യൻ ഡോ.ആൽഫി ക്രിസ്റ്റീൻ തോമസ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പതോളജിസ്റ്റ് ഹന്ന നെൽസൺ, ഫാമിലി മെഡിസിൻ കൺസൾട്ടന്റ് ഡോ.റിയ മാത്യു, നാഷണൽ റിസോർഴ്സ് സെന്റർ ഫോർ എൻസിഡി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൺ ഇടയാറന്മുള എന്നിവർ പ്രസംഗിച്ചു. കൗൺസലർ ആൻ ജോർജ്,ഡയറ്റീഷ്യൻ രേഷ്മ രഞ്ജിത്ത് എന്നിവർ ക്ലാസെടുത്തു. ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും പോസ്റ്റർ പ്രസന്റേഷനും നടന്നു. ഓട്ടിസം ബോധവത്കരണത്തിനായി ആരോഗ്യ പ്രവർത്തകർക്കിടയിൽ ദേശീയതല ഓൺലൈൻ ക്വിസും നടത്തി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ പങ്കെടുക്കുകയും സർട്ടിഫിക്കറ്റുകൾ വിതരണവും നടത്തി.