03-shibu-unnithan
ഷിബു ഉണ്ണിത്താൻ

ഏനാത്ത് : ഏനാത്ത് ടൗണിലെ നീരീക്ഷണ ക്യാമറകൾ തകരാറിലായിട്ടും അറ്റകുറ്റപ്പണിക്ക് നടപടിയില്ല. ഏനാത്തെ വ്യാപാരികളുടെ കൂട്ടായ്മ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന 16 നിരീക്ഷണ ക്യാമറകളാണ് തകരാറിലായത്. പൊലീസിന് ഏറെ പ്രയോജകരമായിരുന്നു ക്യാമറകൾ. ഇതിൽ നിന്നുള്ള ദൃശ്യങ്ങൾ ഏനാത്ത് പൊലീസ് സ്റ്റേഷനിലേക്ക് എത്തുന്ന രീതിയിലായിരുന്നു പ്രവർത്തനം . മോഷണങ്ങളും ട്രാഫിക് നിയമലംഘനങ്ങളും സംഘർഷങ്ങളും ക്യാമറ നിരീക്ഷണത്തിലൂടെ ഒഴിവാക്കാനും കുറ്റവാളികളെ കണ്ടെത്താനും പൊലീസിനെ സഹായിച്ചിരുന്നു. മൂന്ന് വർഷം മുമ്പ് 5 ലക്ഷം രൂപ ചെലവിലാണ് ക്യാമറകൾ സ്ഥാപിച്ചത്. മാസങ്ങളായി ഇവ പ്രവർത്തനരഹിതമാണ് . എറണാകുളത്തുള്ള കമ്പനിക്കാണ് ചുമതല . അറ്റകുറ്റപ്പണികളുടെ ചെലവുകൾക്കായി സ്‌പോൺസർമാരെ കണ്ടെത്താൻ കഴിയാത്തതിനാലാണ് പണി നടക്കാത്തത്. മുമ്പ് ആറ്റിലേക്ക് ഒരാൾ ചാടിയ സംഭവത്തിൽ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പൊലീസിന് സഹായകരമായിരുന്നു. മാസങ്ങൾക്ക് മുമ്പ് കൊല്ലത്ത് കുട്ടിയെ കാണാതായ കേസുമായി ബന്ധപ്പെട്ട് ഏനാത്തും പരിശോധന നടന്നപ്പോൾ ക്യാമറ പ്രവർത്തനരഹിതമായിരുന്നു. അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

" പൊലീസ് ആവശ്യപ്രകാരം വ്യാപാരി വ്യവസായി ഏകോപന സമിതി സ്വന്തം ഫണ്ടും, സ്‌പോൺസർഷിപ്പും ഉപയോഗിച്ചാണ് ക്യാമറകൾ സ്ഥാപിച്ചത്. അറ്റകുറ്റപ്പണികൾക്കായി സ്‌പോൺസർമാരെ കണ്ടെത്തിക്കൊള്ളാമെന്ന് അന്നത്തെ എസ് ഐ ഉറപ്പ് നൽകിയിട്ടും നടപടി ഉണ്ടായില്ല"

ഷിബു ഉണ്ണിത്താൻ
കെ. വി. വി. ഇ. എസ്. യൂത്ത്‌വിംഗ് ജില്ലാ വൈസ് പ്രസിഡന്റ്

-----------------

" സ്‌പോൺസർമാരെ കണ്ടെത്തുവാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഉടൻതന്നെ ക്യാമറകൾ പ്രവർത്തനക്ഷമമാകും."

വിഷ്ണു. ജി

എസ്.എച്ച്.ഒ
ഏനാത്ത് പൊലീസ് സ്റ്റേഷൻ

---------------------

16 ക്യാമറകൾ

സ്ഥാപിച്ചത് 5 ലക്ഷം രൂപ ചെലവിൽ