
കോന്നി :തിരഞ്ഞെടുപ്പിൽ വിധി പറയാൻ മലയാലപ്പുഴയിൽ തമിഴ് നാട്ടുകാരുടെയും കർണാടകക്കാരുടെയും വോട്ടുമുണ്ട്. ഒന്നുംരണ്ടുമല്ല, അഞ്ഞൂറോളം വോട്ടുകളുണ്ട് ഇവിടെ. അതുകൊണ്ടുതന്നെ രാഷ്ട്രീയപാർട്ടികൾ പ്രത്യേക താത്പര്യത്തോടെയാണ് ഇൗ വോട്ടർമാരെ സമീപിക്കുന്നത്.
ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ തോട്ടത്തിന്റെ ഭാഗമായ
മലയാലപ്പുഴ പഞ്ചായത്തിലെ 4, 5 വാർഡുകളിലാണ് മലയാളച്ചുവ വിട്ടുള്ള വോട്ടുകൾ. 120 വർഷം മുമ്പ് തോട്ടത്തിലെ പണികൾക്കായി തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കുടിയേറിയവരുടെ പിൻ തലമുറയാണിത്. കർണാടകയിലെ കുടക് ഉടുപ്പി,മംഗലാപുരം, കാപ്പു തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും തമിഴ്നാട്ടിലെ തിരുനെൽവേലി, ശങ്കരൻകോവിൽ, കരടികുളം പ്രദേശങ്ങളിൽ നിന്നുള്ളവരുമാണ് ബ്രിട്ടീഷുകാരുടെ തോട്ടത്തിലെ ജോലികൾക്കായി എത്തിയത്. റബറും തേയിലയും ആയിരുന്നു പ്ലാന്റേഷൻ മേഖലയിലെ അന്നത്തെ പ്രധാന കൃഷികൾ. ഇപ്പോൾ അത് റബർ മാത്രമായി. പല തിരഞ്ഞെടുപ്പുകളിലും ഇവിടെ തമിഴിലുള്ള പോസ്റ്ററുകളും ചുവരെഴുത്തുകളും ഉണ്ടാകും.
വേറിട്ട സംസ്കാരം
തോട്ടം മേഖലയിൽ കങ്കാണിമാരുടെ മേധാവിത്വം ഉണ്ടായിരുന്ന
കാലത്താണ് ഇവരുടെ പൂർവികർ ഇവിടെയെത്തിയത്. ക്രമേണ ഇവർ അടിമകളായി. പലർക്കും തിരികെ നാടുകളിലേക്ക് പോകാൻ കഴിഞ്ഞില്ല. ഇവർ പിന്നീട് ഇൗ നാടിന്റെ ഭാഗമായി. തമിഴ്, തുളു ഭാഷകളിലാണ് ഇവർ പരസ്പം സംസാരിക്കുന്നത്. തമിഴ്, കർണാടക സംസ്കാരം നിറഞ്ഞ ജീവിതരീതി നാട്ടുകാർക്ക് കൗതുകമാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചവരും മലയാളികളെ വിവാഹം ചെയ്തവരുമുണ്ട്.
--------------------
തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും ഒരു നൂറ്റാണ്ടിന് മുമ്പ് ഇവിടെ എത്തിയവരാണ്. ഇപ്പോൾ ഇതാണ് ഞങ്ങളുടെ നാട്.
വളർമതി, തമിഴ് വംശജ
------------------------
500 ഒാളം വോട്ടർമാർ